ഈടില്ലാതെ 1.5 ലക്ഷം രൂപവരെ വായ്പ; വിദ്യാര്‍ത്ഥികള്‍ക്കും അഭ്യസ്ത വിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്കില്‍ ലോണ്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയും കാനറ ബാങ്കും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ നൈപുണ്യപരിശീലന രംഗത്തെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ചുവടുവെയ്പ്പിനാണ് തുടക്കമായിരിക്കുന്നതെന്ന് മന്ത്രി ഡോ.ആര് ബിന്ദു പറഞ്ഞു. നിലവില്‍ പഠനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്കും, പഠനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കും തങ്ങളുടെ ഇഷ്ട തൊഴില്‍മേഖലയില്‍ അധികനൈപുണ്യം നേടുന്നതിന് ജാമ്യമോ ഈടോ ഇല്ലാതെ 5000 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ നൈപുണ്യ വായ്പ ലഭ്യമാക്കും. കോഴ്സ് കാലയളവിലും തുടര്‍ന്നുള്ള ആറുമാസവും മൊറട്ടോറിയവും, മൂന്നു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തിരിച്ചടവ് കാലാവധിയും ഉണ്ടാകും.