പാലാ: ക്രൈസ്തവ സഭകളെ ബാധിക്കുന്ന വിഷയങ്ങൾ, പ്രധാനമായും എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും മറ്റ് സമകാലിക വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി കേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ ഒരു പ്രധാന പ്രതിനിധി സമ്മേളനം 2025 ഒക്ടോബർ 15-ന് ബുധനാഴ്ച പാലാ ബിഷപ്സ് ഹൗസിൽ നടന്നു.
സീറോ മലബാർ സഭയുടെ വിദ്യാഭ്യാസ- എക്യുമെനിക്കൽ കമ്മീഷനുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യ സ്ഥാനീയനായി പങ്കെടുത്തു.
സീറോ മലബാർ സഭയുടെ വിദ്യാഭ്യാസ- എക്യുമെനിക്കൽ കമ്മീഷനുകളുടെ ചെയർമാനും പാലാ രൂപതാധ്യക്ഷനുമായ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവാണ് സമ്മേളനം വിളിച്ചു ചേർത്തതും അധ്യക്ഷത വഹിച്ചതും. കേരളത്തിലെ വിവിധ സഭകളുടെ വിദ്യാഭ്യാസത്തിനും സഭൈക്യത്തിനുമായുള്ള ചുമതലകൾ വഹിക്കുന്ന മെത്രാന്മാരും വൈദികരും അൽമായ പ്രതിനിധികളും യോഗത്തിൽ പങ്കുചേർന്നു.
യോഗ തീരുമാനങ്ങൾ:
വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിൽ ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത യോഗം മൂന്ന് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു:
- ഭിന്നശേഷി നിയമന പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഉത്തരവിറക്കി കോടതിയിലേക്കു വലിച്ചിഴയ്ക്കാതെ പ്രശ്നം പരിഹരിക്കണം.
- ഭിന്നശേഷി നിയമനത്തിലൂടെ ന്യൂനപക്ഷ സ്ഥാപനങ്ങളിലെ മാനേജർമാർക്ക് ഭരണഘടന നൽകിയിട്ടുള്ള, അധ്യാപകരെ തിരഞ്ഞെടുക്കാനും നിയമിക്കാനുമുള്ള അധികാരം കവർന്നെടുക്കാനുള്ള ശ്രമത്തെ യോഗം അപലപിച്ചു. ഗവൺമെന്റ് നൽകുന്ന ലിസ്റ്റിൽ നിന്ന് ഇന്റർവ്യൂ നടത്തി യോഗ്യരായവരെ തിരഞ്ഞെടുക്കാനുള്ള അവകാശം ന്യൂനപക്ഷ മാനേജ്മെന്റുകൾക്ക് പുനഃസ്ഥാപിച്ചു നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
- കഴിഞ്ഞ രണ്ടു വർഷമായി നടപടിയൊന്നും സ്വീകരിക്കാതെ പൂഴ്ത്തി വച്ചിരിക്കുന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുകയും കമ്മീഷൻ ക്രൈസ്തവ സമുദായങ്ങളുടെ ഉന്നമനത്തിനായി നിർദ്ദേശിച്ചിട്ടുള്ള കാര്യങ്ങൾ നടപ്പാക്കുകയും ചെയ്യണം.
മുഖ്യ പ്രസംഗങ്ങൾ:
മുഖ്യ സ്ഥാനീയനായി സന്ദേശം നൽകിയ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ, ക്രൈസ്തവർ ദേശീയോദ്ഗ്രഥനത്തിന്റെ (നാഷണൽ ഇന്റഗ്രേഷൻ) അവിഭാജ്യ ഘടകമാണെന്നും ഈ രാജ്യത്തിന്റെതന്നെ മക്കളാണെന്നും ഓർമിപ്പിച്ചു. “നാം എത്ര പേരുണ്ടെന്നതല്ല; നാം ചെയ്യുന്ന ശുശ്രൂഷയാണ് പ്രധാനം. അതുകൊണ്ടുതന്നെ ക്രൈസ്തവ ശബ്ദം ഒരുമിച്ചുയർത്തും,” അദ്ദേഹം പറഞ്ഞു.
അധ്യക്ഷ പ്രസംഗം നിർവഹിച്ച ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ക്രൈസ്തവ സമുദായങ്ങളും സഭയും രാഷ്ട്രവും സംബന്ധിക്കുന്ന കാര്യങ്ങളാണ് ചർച്ച ചെയ്യുന്നതെന്നും സമുദായ ബോധം വളർത്തിയെടുക്കണമെന്നും ഉദ്ബോധിപ്പിച്ചു.
പങ്കെടുത്ത പ്രമുഖർ:
മാർത്തോമാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താ ജോസഫ് മാർ ബർന്നബാസ്, പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ അധ്യക്ഷനും ഇന്റർ ചർച്ച് കൗൺസിലിന്റെ സെക്രട്ടറിയുമായ മാർ ഔഗിൻ കുറിയാക്കോസ് മെത്രാപ്പോലീത്താ, ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്താ കുറിയാക്കോസ് മാർ സെവേറിയാസ്, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കോട്ടയം ഭദ്രാസന അധ്യക്ഷൻ യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്താ, യാക്കോബായ സുറിയാനി സഭ അങ്കമാലി -മൂവാറ്റുപുഴ റീജിയൻ മെത്രാപ്പോലീത്താ മാത്യൂസ് മാർ അന്തിമോസ്, സി എസ് ഐ ഈസ്റ്റ് കേരള ഡയോസിസ് ബിഷപ്പ് വി. എസ്. ഫ്രാൻസീസ്, സീറോ- മലബാർ സഭ ഷംഷാബാദ് അതിരൂപത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, ക്നാനായ കത്തോലിക്കാ സമുദായ കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം എന്നിവരും മറ്റു സഭകളുടെ വൈദിക, അൽമായ പ്രതിനിധികളും കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസികളുടെ സെക്രട്ടറിമാരും ചർച്ചയിൽ പങ്കെടുത്തു.
സീറോ – മലബാർ എഡ്യുക്കേഷൻ കമ്മീഷൻ സെക്രട്ടറി ഫാ. ഡൊമിനിക് അയലൂപറമ്പിൽ സ്വാഗതവും എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. സിറിൽ തോമസ് തയ്യിൽ കൃതജ്ഞതയും രേഖപ്പെടുത്തി.












