ഓശാന ഞായർ മുതൽ ഉയിർപ്പു ഞായർ വരെയുള്ള ഈ ആഴ്ചയിൽ ക്രിസ്തുവിന്റെ സഹനവും മരണവും ഉത്ഥാനവുമാണു ക്രൈസ്തവർ അനുസ്മരിച്ച് അനുഭവമാക്കുന്നത്. ക്രിസ്തുവിന്റെ ഈലോക ജീവിതാവസാനത്തിലുള്ള സംഭവങ്ങൾക്കെല്ലാം കൂടി പെസഹാ അഥവാ ‘കടന്നുപോകൽ’ എന്ന് പറയുന്നു. ഈ കടന്നുപോകൽ വഴി ക്രിസ്തു മനുഷ്യവർഗത്തോടൊപ്പം തന്നത്തന്നെ ദൈവപിതാവിനു സമർപ്പിക്കുന്നു. മരണത്തിലൂടെയുള്ള ഈ സമർപ്പണം ഉത്ഥാനത്തിൽ പരിപൂർണമാകുന്നു. വി. പൗലോസ് ശ്ലീഹായുടെ വാക്കുകളിൽ: “ക്രിസ്തു തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന്, മരണം വരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാൽ, ദൈവം അവനെ അത്യധികം ഉയർത്തി” (ഫിലി. 2: 79).
മരണത്തിലൂടെയുള്ള താഴ്ത്തലും ഉത്ഥാനത്തിലൂടെയുള്ള ഉയർച്ചയുമാണു ക്രിസ്തുവിന്റെ കടന്നുപോകലിൽ സംഭവിക്കുന്നത്. ക്രിസ്തു ശിഷ്യന്മാരെ സ്നേഹിച്ചു; അവസാനം വരെ സ്നേഹിച്ചു. അവസാനം വരെ എന്നു പറയുമ്പോൾ സ്നേഹിക്കാവുന്നതിന്റെ പരമാവധി സ്നേഹിച്ചു എന്നാണർത്ഥം. ശിഷ്യന്മാരോടുള്ള ക്രിസ്തുവിന്റെ ഈ സ്നേഹം അവിടുത്തെ സാർവത്രിക സ്നേഹത്തിന്റെ അടയാളമായിരുന്നു. “അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹ. 3:16). ക്രിസ്തുവിലൂടെ പ്രകാശിതമായ ദൈവസ്നേഹത്താൽ രക്ഷിക്കപെടുന്നവരെ ഭരിക്കുന്നത് അതേ സ്നേഹം തന്നെയാണ്. ക്രിസ്തു പറഞ്ഞു: ‘നിങ്ങൾക്കു പരസ്പരസ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്നു ലോകം അറിയും.’
വിദ്വേഷത്തെ വെല്ലുന്ന സ്നേഹം, വ്യക്തിമാത്സര്യങ്ങൾക്ക് അതീതമായി വർത്തിക്കുന്ന പരസ്പര സ്നേഹം, കുടിപ്പകകൾക്കു പകരമുള്ള സ്നേഹക്കൂട്ടായ്മ, പ്രാദേശികമമതകളെ ഉല്ലംഘിക്കുന്ന സർവ്വദേശസ്നേഹം, സാമുദായിക ചിന്തകൾക്കുപരി സാമുദായിക സൗഹാർദ്ദം സൃഷ്ടിക്കുന്ന വിശാലസ്നേഹം, മതവിശ്വാസങ്ങളോടൊപ്പം മാനുഷികതയെ പരിപോഷിപ്പിക്കുന്ന മനുഷ്യസ്നേഹം, രാജ്യാന്തര ഭിന്നതകൾ യുദ്ധങ്ങളിൽ എത്തിക്കാത്ത അന്താരാഷ്ട്ര സൗഹൃദം ഇവയെല്ലാം സഹനത്തെയും മരണ ത്തെയും കടന്ന് ഉത്ഥിതനാകുന്ന ക്രിസ്തു ലോകത്തിനു നൽകുന്ന സന്ദേശങ്ങളാണ്, കർമ്മസരണിയാണ്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision