ഈസ്റ്റർ അവസരത്തിൽ ഉക്രൈയിനിൽ വെടിനിറുത്തലിന് ആഹ്വനം ചെയ്‌ത് യൂറോപ്യൻ ക്രൈസ്തവസഭാനേതാക്കൾ പുടിനും, സെലെൻസ്‌കിക്കും കത്തയച്ചു.
യൂറോപ്യൻ യൂണിയനിലെ മെത്രാന്മാരുടെ പ്രസിഡന്റ് കർദ്ദിനാൾ ഷാൻ ക്ലോദ് ഹൊളെറിഷും, യൂറോപ്പിലെ ക്രൈസ്തവസഭകളുടെ സമിതി പ്രസിഡന്റ് ക്രിസ്റ്റ്യൻ ക്രീഗറും ഒരുമിച്ച് ഒപ്പിട്ട്, റഷ്യയുടെയും ഉക്രെയ്നിന്റെയും പ്രസിഡന്റുമാരായ വ്‌ളാദിമിർ പുടിൻ, വോളോദിമിർ സെലെൻസ്‌കി എന്നിവരെ അഭിസംഭോധനചെയ്തുകൊണ്ട് തയ്യാറാക്കിയ കത്ത് ഏപ്രിൽ 11 തിങ്കളാഴ്ച ഇരു നേതാക്കൾക്കും അയച്ചു. വിവിധ ക്രൈസ്തവസഭാപാരമ്പര്യങ്ങൾ അനുസരിച്ച് ഈസ്റ്റർ ആഘോഷിക്കപ്പെടുന്ന ഏപ്രിൽ 17 മുതൽ ഏപ്രിൽ 24 വരെ തീയതികളിൽ വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്ന് രണ്ട് ക്രൈസ്തവനേതാക്കളും ആവശ്യപ്പെട്ടു.
ക്രിസ്തുവിൽ സഹോദരീസഹോദരന്മാരായ റഷ്യയിലെയും ഉക്രൈനിലേയും ക്രൈസ്തവർക്ക്, സമാധാനത്തോടെയും അന്തസ്സോടെയും ഈസ്റ്റർ ആഘോഷിക്കാനുള്ള അവസരം ലഭ്യമാക്കുന്നതിനുവേണ്ടി, പൊതുവായ ഒരു വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്നാണ് യൂറോപ്യൻ യൂണിയനിലെ മെത്രാന്മാരുടെയും, യൂറോപ്പിലെ ക്രൈസ്തവസഭകളുടെ സമിതിയുടെയും പ്രെസിഡന്റുമാർ ആവശ്യപ്പെട്ടത്.
ഇത്തരത്തിലുള്ള ഒരു ഉടമ്പടി ഇരുരാജ്യങ്ങളിലെയും എല്ലാ പൗരന്മാർക്കും പ്രയോജനകരമാകുമെന്നും, യുദ്ധത്തിൽ പോരാടുന്നതോ, പോരാടപ്പെടുന്നതോ ആയ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ആശങ്കകളിൽനിന്നും അനിശ്ചിതത്വത്തിൽനിന്നും ഒരു മോചനമായിരിക്കുമെന്നും യൂറോപ്യൻ സഭാനേതാക്കൾ തങ്ങളുടെ കത്തിൽ വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ യേശുക്രിസ്തുവിന്റെ സഹനവും മരണവും ഓർക്കുകയും അവന്റെ പുനരുത്ഥാനത്തെ ആഘോഷിക്കുകയും ചെയ്യുന്ന ഈസ്റ്ററിന്റെ പശ്ചാത്തലത്തിലാണ് സഭാനേതാക്കൾ ഈ അഭ്യർത്ഥന നടത്തുന്നത്. ഈ പെസഹാ ആഘോഷങ്ങൾ ക്രൈസ്തവവിശ്വാസത്തിന്റെ കേന്ദ്രവും, ആരാധനാക്രമവർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയവുമാണ്.
വെടിനിറുത്തലിന് ആഹ്വാനം ചെയ്‌തുകൊണ്ട് 2022 ഏപ്രിൽ 10 ന് ഫ്രാൻസിസ് മാർപാപ്പയുടെ നടത്തിയ അഭ്യർത്ഥനയുടെ പ്രതിധ്വനിയെന്നോണമാണ് യൂറോപ്യൻ സഭാനേതൃത്വത്തിന്റെ ഈ കത്ത് എത്തിയിരിക്കുന്നത്. ഞായറാഴ്‌ച പാപ്പാ നടത്തിയ ത്രികാലപ്രാർത്ഥനാസമ്മേളനത്തിൽ വച്ച്, ആയുധങ്ങൾ താഴെവയ്ക്കുവാനും, ഈസ്റ്റർകാലത്ത് വെടിനിറുത്തൽ പ്രഖ്യാപിക്കാനും പാപ്പാ അധ്വാനം ചെയ്തിരുന്നു. എന്നാൽ, ഈ വെടിനിറുത്തൽ, വീണ്ടും ശക്തിയോടെ പോരാട്ടം പുനഃരാരംഭിക്കുന്നതിനല്ല, മറിച്ച് ശരിയായ സന്ധിസംഭാഷണങ്ങളിലൂടെ, സമാധാനത്തിലെത്തുന്നതിനുള്ള ഒരു ലക്ഷ്യത്തിനുവേണ്ടിയാകട്ടെ എന്നും പാപ്പാ അന്ന് പറഞ്ഞിരുന്നു.
മോസ്കോയുടെയും റഷ്യ മുഴുവന്റെയും പാത്രിയാർക്കീസ് കിറിലിനും യൂറോപ്യൻ മെത്രാന്മാർ കത്തയച്ചു. രണ്ട് രാജ്യങ്ങളുടെയും പ്രെസിഡന്റുമാർക്ക് അയച്ച കത്തിനെക്കുറിച്ച് റഷ്യയിലെ സഭാധ്യക്ഷനെ അറിയിച്ച ഇരുവരും, തങ്ങളുടെ പരിശ്രമത്തെ തുണയ്ക്കുവാനും അഭ്യർത്ഥിച്ചു. സമാധാനത്തോടെയും അന്തസ്സോടെയും ഈസ്റ്റർ ആഘോഷിക്കാൻ വേണ്ട സമയം നല്കുന്നതിനുവേണ്ടി, ക്രിസ്തുവിൽ സഹോദരീസഹോദരന്മാരായ റഷ്യയിലെയും ഉക്രൈനിലേയും ക്രൈസ്തവർക്ക് അദ്ദേഹം എത്രമാത്രം പ്രാധാന്യം നൽകുന്നുവെന്ന് വ്യക്തമാക്കാനുള്ള ഒരു അവസരമാണ് ഇതെന്നും യൂറോപ്യൻ സഭാനേതൃത്വം എഴുതി.
യൂറോപ്പിലെ എല്ലാ സഭാനേതാക്കളോടും തങ്ങളുടെ ആഹ്വനത്തോട് ചേരാൻ ഇരുവരും അഭ്യർത്ഥിച്ചു. ഫെബ്രുവരി 24-ന് റഷ്യൻ സൈന്യം ഉക്രൈൻ അതിർത്തിയിൽ പ്രവേശിച്ചതുമുതൽ, പ്രാർത്ഥനയും, സമാധാനശ്രമങ്ങളും നടത്തുകയാണ് യൂറോപ്പിലെ ക്രൈസ്തവനേതൃത്വം.