കാഞ്ഞിരമറ്റം: കർഷകർക്ക് തങ്ങളുടെ കാർഷിക വിളകളും ഉൽപ്പന്നങ്ങളും വിഭവങ്ങളും ഇടനിലക്കാരുടെ ചൂഷണമില്ലാതെ വിപണനത്തിന് വഴിതുറക്കുന്ന അകലക്കുന്നം ഗ്രാമ പഞ്ചായത്തിൻ്റെ ഡിജിറ്റൽ കാർഷിക വിപണി കാർഷിക കേരളത്തിന് മാതൃകയും മഹത്തരവുമാണന്ന് കേരള കർഷക യൂണിയൻ (എം) സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി
ഡാൻ്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു. കോട്ടയം പാമ്പാടി ഗവ. എഞ്ചിനീയറിങ്ങ് കോളജിൻ്റെ സാങ്കേതിക സഹായത്തോടെ അകലക്കുന്നം ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച ഡിജിറ്റൽ കാർഷിക വിപണി സംസ്ഥാന വ്യാപകമായി നടപ്പിലാക്കാൻ കർഷക ഉൽപ്പാദക കമ്പനികളുടയും കൃഷികൂട്ടങ്ങളുടയും സഹകരണത്തോടെ കൃഷി വകുപ്പ് കർമ്മപരിപാടി ആവിഷ്കരിക്കണമെന്നും ഡാൻ്റീസ് കൂനാനിക്കൽ പറഞ്ഞു. കൃഷി വകുപ്പുമന്ത്രി പി പ്രസാദ് ഉദ്ഘാടനത്തിനെത്തുന്നതിലൂടെ
ഈ വിഷയത്തിൽ സർക്കാരിൻ്റെ ക്രിയാത്മക നിലപാട് വ്യക്തമാണന്നും ഈ പദ്ധതി ആവിഷ്കരിച്ച പഞ്ചായത്ത് ഭരണസമിതിയും കൃഷി വകുപ്പിൻ്റെ പഞ്ചായത്ത് അധികൃതരും അഭിനന്ദനം അർഹിക്കുന്നതായും തുടർന്നു പറഞ്ഞു. കേരളാ കോൺഗ്രസ് (എം) കാഞ്ഞിരമറ്റം മേഖലാ വിശേഷാൽ നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. മണ്ഡലം പ്രസിഡൻ്റ് ജയ്മോൻ പുത്തൻപുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്തുക്കുട്ടി ഞായർകുളം, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ജേക്കബ് തോമസ്, വാർഡു പ്രസിഡൻ്റുമാരായ
ജോർജുകുട്ടി കുന്നപ്പള്ളിൽ, റോയി ഇടിയാകുന്നേൽ, ടോമി മുടന്തിയാനി, സണ്ണി കളരിക്കൽ, ജയിംസ് പെരുമന ,ജോസ് മാത്യു, ബെന്നി തോലാനിക്കൽ, ജോസ് കോരംകുഴ, മാത്തുക്കുട്ടി വണ്ടാനം ,ടോമി ഓലിയ്ക്കതകിടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.