പാലാ: മൂല്യാധിഷ്ഠിതരചനകളിലൂടെ സാഹിത്യരംഗത്തു നല്കിയ സമഗ്രസംഭാവനയ്ക്കുള്ള ദീപനാളം സാഹിത്യ അവാര്‍ഡിന് എഴുത്തുകാരന്‍ വിനായക് നിര്‍മ്മല്‍ അര്‍ഹനായി. നോവല്‍, ചെറുകഥ, ബാലസാഹിത്യം, സിനിമ, വിവര്‍ത്തനം, ആത്മീയം, ജീവചരിത്രം എന്നീ രംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ വിനായക് നിര്‍മ്മല്‍ നൂറിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. സിനിമകള്‍ക്കു പുറമേ, നിരവധി ഡോക്യുമെന്ററികള്‍ക്കും ടെലിഫിലിമുകള്‍ക്കും കഥയും തിരക്കഥയും എഴുതി.
ബാല്യത്തിലേതന്നെ എഴുത്തിന്റെ ലോകത്തു ചുവടുവച്ച വിനായക് നിര്‍മ്മലിന്റെ ആദ്യകഥയും ആദ്യനോവലും പ്രസിദ്ധീകരിക്കുന്നത് ദീപനാളത്തിലാണ്. എം.എ.യ്ക്കു പഠിക്കുമ്പോള്‍ ആദ്യഗ്രന്ഥം ‘പുതിയ കീര്‍ത്തനങ്ങള്‍’ പുറത്തിറങ്ങി. 2005 ല്‍ പുറത്തിറങ്ങിയ ‘രണ്ടുപേര്‍ക്കിടയിലൊരു പുഴയുണ്ട്’ എന്ന കൃതിയോടെ എഴുത്തുകാരന്‍ എന്ന നിലയില്‍ ഇരിപ്പിടം നേടി. വൈധവ്യം, നിദ്ര, ലലബി, കടല്‍ ഒരു പര്യായമാണ്, നീയൊന്നും അറിയുന്നില്ലെങ്കിലും, എനിക്കു നിന്നോടൊരു കാര്യം പറയുവാനുണ്ട്, ഹൃദയത്തില്‍ സൂക്ഷിക്കാന്‍ തുടങ്ങിയവ വിനായകിന്റെ ശ്രദ്ധേയകൃതികളാണ്.
കോട്ടയം ജില്ലയിലെ പാലായില്‍ പ്രവിത്താനം തോട്ടുപുറത്ത് സെബാസ്റ്റ്യന്‍ – ത്രേസ്യാമ്മ ദമ്പതികളുടെ മകനായി ജനിച്ച വിനായക് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. വിവിധ പത്രമാധ്യമങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച വിനായക് ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനും മുഴുവന്‍സമയ എഴുത്തുകാരനുമാണ്. സീറോ മലബാര്‍ സഭ ഇന്റര്‍നെറ്റ് മിഷന്റെ ആഭിമുഖ്യത്തിലുള്ള അനുദിനവചനവിചിന്തനം കഴിഞ്ഞ മൂന്നു വര്‍ഷമായി നടത്തുന്നു. സീറോ മലബാര്‍ സഭയുടെ കാര്യാലയപ്രസിദ്ധീകരണമായ സീറോ മലബാര്‍ വിഷന്റെ കണ്‍സള്‍ട്ടന്റ് എഡിറ്ററാണ്. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. ഫെബ്രുവരി 15 ന് ദീപനാളത്തിന്റെ ആഭിമുഖ്യത്തില്‍ പാലായില്‍വച്ചു നടക്കുന്ന പ്രതിഭാസംഗമത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അവാര്‍ഡു സമ്മാനിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision