ദൈവമാതാവിന്റെ വ്യാകുല പ്രലാപം

spot_img

Date:

ഈശോസഭാ വൈദികനായിരുന്ന അർണോസ് പാതിരി രചിച്ച ആദ്യകൃതികളിൽ ഒന്നായ ‘ദൈവമാതാവിന്റെ വ്യാകുലപ്രലാപം’ അഥവാ ‘ഉമ്മാടെ ദുഃഖം’ എന്ന കൃതിയെക്കുറിച്ചുള്ള അവതരണം.

ദൈവമാതാവിന്റെ വ്യാകുലപ്രലാപം’ – 7 – ശബ്ദരേഖ

പരിശുദ്ധ മറിയത്തിന്‍റെ ഏഴാമത്തെ വ്യാകുലമായി ആഗോളസഭ ഉദ്ഘോഷിക്കുന്നത് യോഹന്നാന്‍റെ സുവിശേഷം 19-ആം അദ്ധ്യായം 38 മുതല്‍ 42 വരെയുള്ള വാക്യങ്ങളാണ്. അതിപ്രകാരമാണ്: യഹൂദരോടുള്ള ഭയം നിമിത്തം യേശുവിന്‍റെ രഹസ്യശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമത്തിയാക്കാരന്‍ ജോസഫ് യേശുവിന്‍റെ ശരീരം കുരിശില്‍നിന്നും എടുത്തുമാറ്റുവാന്‍ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നല്‍കി. അവന്‍ വന്ന് ശരീരം എടുത്തുമാറ്റി. യേശുവിനെ ആദ്യം രാത്രിയില്‍ ചെന്നുകണ്ട നിക്കോദേമോസും അവിടെയെത്തി. മീറയും ചെന്നിനായകവും ചേര്‍ന്ന നൂറു റാത്തല്‍ സുഗന്ധദ്രവ്യവും അവന്‍ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. അവന്‍ യേശുവിന്‍റെ ശരീരമെടുത്ത് യഹൂദരുടെ ശവസംസ്കാര രീതിയനുസരിച്ച് സുഗന്ധദ്രവ്യങ്ങളോടുകൂടെ കച്ചയില്‍ പൊതിഞ്ഞു. അവന്‍ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തില്‍ ആരെയും സംസ്കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു. യഹൂദരുടെ ഒരുക്കത്തിന്‍റെ ദിനമായിരുന്നതിനാലും കല്ലറ സമീപത്തായിരുന്നതിനാലും, അവര്‍ യേശുവിനെ അവിടെ സംസ്കരിച്ചു. പ്രിയരെ, സ്വപുത്രന്‍റെ സംസ്കാര കര്‍മ്മങ്ങളില്‍ സാക്ഷിയാകേണ്ടിവന്ന ആ അമ്മയുടെ അനുഗ്രഹത്താല്‍ നാമെല്ലാവരും യേശു സ്നേഹത്തിന്‍റെ സന്ദേശവാഹകരായി തീരട്ടെ എന്നാശിക്കുന്നു! ആശംസിക്കുന്നു.

തൃശ്ശിവപേരൂര്‍ ബ്രഹ്മസ്വം മഠത്തിലെ അധ്യാപകരും അങ്കമാലിക്കാരും ആയിരുന്ന കുഞ്ഞന്‍ നമ്പൂതിരിയില്‍ നിന്നും കൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്നും സംസ്കൃതവും മലയാളവും നന്നായി പഠിച്ചെടുത്ത യൊഹാന്നസ് ഏണസ്തൂസ് ഫോണ്‍ ഹാങ്സ്ലേഡന്‍ പാതിരിക്ക് അര്‍ണോസ് എന്ന പേര് സിദ്ധിക്കുന്നത് ആ അധ്യാപകരില്‍ നിന്നായിരുന്നു. ഒരു വിദേശീയന്‍റെ കൃതികളാണെന്ന് തോന്നാനിടയില്ലാത്തവിധം മലയാള കാവ്യങ്ങളും സംസ്കൃത കാവ്യങ്ങളും നിഘണ്ടുക്കളുമൊക്കെ രചിച്ച അര്‍ണോസ് പാതിരി സ്ഥാപിച്ച രണ്ടു നിര്‍മ്മിതികളാണ് കേരളത്തിലുള്ളത്. തൃശ്ശൂരിനടുത്തുള്ള വേലൂരില്‍ സ്ഥിതിചെയ്യുന്ന അര്‍ണോസ് ഭവനവും സെന്‍റ് ഫ്രാന്‍സീസ് സേവ്യര്‍ ദൈവാലയവുമാണ് ആ രണ്ടു നിര്‍മ്മിതികള്‍. ഇന്‍ഡോളജി അഥവാ ഇന്ത്യാ വിജ്ഞാനീയം എന്ന പഠനശാഖയ്ക്ക് ആരംഭംകുറിച്ച പാശ്ചാത്യരില്‍ പ്രമുഖനായ അര്‍ണോസ് പാതിരി 1716-ല്‍ ചാത്യാത്ത് വച്ച് രചിച്ച ‘ഉമ്മാടെ ദുഃഖം’ അഥവാ ‘ദൈവമാതാവിന്‍റെ വ്യാകുലപ്രലാപം’ എന്ന വിലാപകാവ്യത്തിന്‍റെ അവസാനഭാഗമായ 73 മുതല്‍ 87 വരെയുള്ള ഈരടികളിലൂടെയാണ് നാമിന്ന് സഞ്ചരിക്കുന്നത്. അതിപ്രകാരമാണ്,

‘വൈരികള്‍ക്കു മാനസത്തില്‍, വൈരമില്ലാതില്ലയേതും

വൈരഹീനപ്രിയമല്ലോ, നിനക്കു പുത്ര!

നിന്‍ചരണചോരയാദം, തന്‍ ശിരസ്സിലൊഴുകിച്ചു

വന്‍ചതിയാല്‍ വന്ന ദോഷമൊഴിച്ചോ പുത്ര!

മരത്താലെ വന്ന ദോഷം മരത്താലെയൊഴിപ്പാനായ്

മരത്തിന്മേല്‍ തൂങ്ങി നീയും മരിച്ചോ പുത്ര!

നാരികയ്യാല്‍ ഫലംതിന്നു, നരന്മാര്‍ക്കു വന്ന ദോഷം

നാരിയാം മേ ഫലമായ് നീയൊഴിച്ചോ പുത്ര!’

എന്നീ വരികളിലൂടെ വൈരികളോടുപോലും ഒരുവിധ ശത്രുതയുമില്ലാത്ത നിനക്ക് ആരോടും പരിഭവം ഉണ്ടാകുകയില്ലെന്നറിയാം മകനേ! നിന്‍റെ ചോര വീണവര്‍ക്കെല്ലാം, നിന്നെ ചതിയില്‍പ്പെടുത്തിയവര്‍ക്കെല്ലാം, നീ പാപമോചനം നല്‍കിയില്ലേ? മരത്താലെ വന്ന ദോഷം മരം കൊണ്ടുതന്നെ ഒഴിപ്പിക്കുന്നതിനായി അതിന്മേല്‍ത്തന്നെ തൂങ്ങി നീയും മരിച്ചല്ലോ മകനേ! സ്ത്രീയുടെ കൈകൊണ്ട് ഭക്ഷിച്ച ഫലം മൂലം മാനവരാശിക്കുവന്ന ദോഷം, നാരിയുടെ ഉദരഫലമായ പുത്രനെക്കൊണ്ടുതന്നെ ഒഴിപ്പിച്ചല്ലോ? എന്നിങ്ങനെ വിലപിക്കുന്ന ആ അമ്മ,

‘ചങ്കിലും ഞങ്ങളെയങ്ങു ചേര്‍ത്തുകൊള്‍വാന്‍ പ്രിയംനിന്‍റെ

ചങ്കുകൂടെ മാനുഷര്‍ക്കു തുറന്നോ പുത്ര!

ഉള്ളിലേതും ചതിവില്ലാതുള്ള കൂറെന്നറിയിപ്പാന്‍

ഉള്ളുകൂടെ തുറന്നുനീ കാട്ടിയോ പുത്ര!

ആദിദോഷം കൊണ്ടടച്ച, സ്വര്‍ഗ്ഗവാതില്‍ തുറന്നുനീ

ആദിനാഥാ! മോക്ഷവഴി തെളിച്ചോ പുത്ര!

മുമ്പുകൊണ്ട കടമെല്ലാം, വീട്ടിമേലില്‍ വീട്ടുവാനായ്

അന്‍പിനോടു ധനം നേടി വച്ചിതോ പുത്ര!’

അതായത്: നിന്‍റെ ഹൃദയത്തോടുതന്നെ ഞങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്നതിനായി നിന്‍റെ ഹൃദയംതന്നെ മനുഷ്യര്‍ക്കായി തുറന്നുനല്‍കിയില്ലേ മകനേ? നിന്‍റെ ഉള്ളത്തില്‍ ചതിവില്ലാത്ത നിര്‍മ്മല സ്നേഹം മാത്രമാണുള്ളതെന്നു കാണിക്കുന്നതിനായി, നിന്‍റെ ഉള്ളംതന്നെ നീ തുറന്നുകാണിച്ചില്ലേ? ആദിപാപത്തെ തുടര്‍ന്ന് അടഞ്ഞുപോയ സ്വര്‍ഗവാതില്‍ തുറക്കുന്നതിനായി നിന്‍റെ ജീവന്‍തന്നെ ബലിയായ് നല്‍കിയില്ലേ മകനേ നീ? മുമ്പുകൊണ്ട എല്ലാ കടങ്ങളും വീട്ടുവാനായി അന്‍പാകുന്ന ധനംകൊണ്ട് മനുഷ്യര്‍ക്കു നീ മാതൃക കാണിച്ചില്ലേ? തുടര്‍ന്ന്,

‘പള്ളിതന്‍റെയുള്ളകത്തു, വച്ചുനിന്‍റെ ധനമെല്ലാം

കള്ളരില്ലാതുറപ്പുള്ള സ്ഥലത്തു പുത്ര!

പള്ളിയകത്തുള്ളവര്‍ക്കു, വലയുമ്പോള്‍ കൊടുപ്പാനായ്

പള്ളിയറക്കാരനേയും വിധിച്ചോ പുത്ര!

ഇങ്ങനെ മാനുഷര്‍ക്കു നീ, മംഗലലാഭം വരുത്തി

തിങ്ങിന താപം ക്ഷമിച്ചു  മരിച്ചോ പുത്ര!

നിന്‍റെ മഹാകാരുണ്യമാകുന്ന ധനം കള്ളന്മാരില്ലാത്ത സ്ഥലത്ത് നീ സ്ഥാപിച്ചു സൂക്ഷിച്ചില്ലേ? മാനവലോകത്തിന് എല്ലാ നന്മകളും പകര്‍ന്നുനല്‍കുവാന്‍, കഠിനമായ വേദനകള്‍ ഏറ്റ് നീ മരണം വരിച്ചില്ലേ മകനേ! എന്നൊക്കെ വിലപിക്കുന്ന ആ അമ്മയോട്,

‘പരിശുദ്ധയായ അമ്മേ നിന്‍റെ ദുഃഖം പാടിവന്ദിച്ച എന്‍റെ ആത്മാവിന്‍റെ നൊമ്പരങ്ങളെല്ലാം നീ മാറ്റിക്കളയണമേ’ എന്നും ‘അമ്മേ നിന്‍റെ പൊന്നുമകന്‍റെ ചോരകൊണ്ട്, എന്‍റെ പാപങ്ങളെല്ലാം കഴുകി എന്‍റെ ഹൃദയത്തിന് വെണ്‍മ പകര്‍ന്നു നല്‍കേണമേ’ എന്നും ‘നിന്‍റെ പ്രിയ പുത്രന്‍റെ മരണംകൊണ്ട് എന്‍റെ ആത്മാവിന് മോക്ഷം നല്‍കി അനുഗ്രഹിക്കേണമേ’ എന്നും ‘നിന്‍റെ പ്രിയ പുത്രന്‍റെ മാറിലേയ്ക്ക് എന്നെയും ചേര്‍ത്ത് അമ്മയുടെ നന്മയും കൂടി എന്‍റെമേല്‍ പകര്‍ന്ന് അനുഗ്രഹിക്കേണമേ’ എന്നും യാചിച്ചുകൊണ്ട് കവി തന്‍റെ കാവ്യം ഇപ്രകാരം അവസാനിപ്പിക്കുന്നു.

അമ്മകന്നി നിന്‍റെ ദുഃഖം, പാടി വന്ദിച്ചപേക്ഷിച്ചൂ

എന്മനോതാപം കളഞ്ഞു തെളിക്കതായേ!

നിന്മകന്‍റെ ചോരയാലെയെന്മനോദോഷം കഴുകി

വെണ്‍മ നല്‍കീടേണമെന്നില്‍ നിര്‍മ്മല തായേ!

നിന്മകന്‍റെ മരണത്താലെന്‍റെയാത്മ മരണത്തെ

നിര്‍മ്മലാംഗി! നീക്കി നീ കൈതൂക്കുക തായേ!

നിന്മകങ്കലണച്ചെന്നെ നിര്‍മ്മലമോക്ഷം നിറച്ചു

അമ്മ നീ മല്പിതായീശോ ഭവിക്ക തസ്മാല്‍’.

പരിശുദ്ധ മറിയത്തിന്‍റെ പ്രിയ പുത്രനായ യേശുവിന്‍റെ ചുടുചോരയാല്‍ നമ്മുടെ മനസ്സിലുള്ള ദോഷങ്ങള്‍ എല്ലാം കഴുകിക്കളയുവാന്‍ ഇടയാകട്ടെ എന്നു പ്രാര്‍ത്ഥിക്കാം. അവിടുത്തെ കുരിശുമരണത്താല്‍ നമ്മുടെ ആത്മമരണത്തെ ഹനിക്കണമെന്നും നിര്‍മ്മലമോക്ഷം നല്‍കി നമ്മളെ അനുഗ്രഹിക്കണമെന്നും ഈ തപസ്സുകാലത്ത് പിതാവായ ദൈവത്തോട് നമുക്ക് കേണപേക്ഷിക്കാം. ഇതിനായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥവും നമുക്കു തേടാം. ഇതോടെ ‘ഉമ്മാടെ ദുഃഖം’ എന്ന കാവ്യവും തല്‍സംബന്ധിയായ ആസ്വാദനവും തീരുന്നു… നന്ദി… നമസ്കാരം.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related