ക്രിസ്തുമത വിശ്വാസം കാരണം പീഡനങ്ങളെ ഭയന്ന് ഒളിച്ചോടിയ വിശുദ്ധന്മാരാണ് ക്രിസ്പിനും ക്രിസ്പീനിയനും. എ.ഡി. മൂന്നാം നൂറ്റാണ്ടിൽ റോമിലെ കുലീന കുടുംബത്തിൽ ജനിച്ച ഇവർ, തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനായി സോയിസൺസിലാണ് അഭയം തേടിയത്.
സോയിസൺസിലെ ജീവിതം:
സോയിസൺസിൽ, പകൽ സമയങ്ങളിൽ ഇരുവരും ഗൗൾസ് ജനതയുടെ ഇടയിൽ ക്രിസ്തീയ മത പ്രചാരണം നടത്തി. രാത്രികാലങ്ങളിൽ പാദരക്ഷകൾ നിർമ്മിച്ചാണ് ഇവർ ജീവിതം മുന്നോട്ട് കൊണ്ടുപോയത്. ഇരട്ട സഹോദരന്മാരായിരുന്നു ഇവരെന്നും പറയപ്പെടുന്നുണ്ടെങ്കിലും ഇതിന് സ്ഥിരീകരണമില്ല. തങ്ങളുടെ തൊഴിലിൽ നിന്നുള്ള വരുമാനം ജീവിതച്ചെലവിനും അതോടൊപ്പം പാവപ്പെട്ടവരെ സഹായിക്കുന്നതിനും അവർ വിനിയോഗിച്ചു.
രക്തസാക്ഷിത്വം:
ഇവരുടെ പ്രവർത്തനങ്ങൾ ബെൽജിക്ക് ഗൗളിലെ ഗവർണറായിരുന്ന റിക്റ്റസ് വാരുസിന് അനിഷ്ടകരമായി. തുടർന്ന് അദ്ദേഹം ഇവരെ ക്രൂരമായി പീഡിപ്പിക്കുകയും കഴുത്തിൽ തിരികല്ല് കെട്ടി നദിയിൽ എറിയുകയും ചെയ്തു. ഇതിൽനിന്ന് രക്ഷപ്പെട്ടെങ്കിലും ചക്രവർത്തിയുടെ കൽപ്പന പ്രകാരം ഈ വിശുദ്ധരെ പിടികൂടി തലവെട്ടി കൊലപ്പെടുത്തി.
മറ്റൊരു ഐതിഹ്യം:
ചരിത്രപരമായ വിശദാംശങ്ങളിൽ സ്ഥിരീകരണമില്ലാത്ത ചില ഐതിഹ്യങ്ങളും ഇവരെക്കുറിച്ചുമുണ്ട്. കാന്റർബറിയിലെ ഒരു കുലീന റോമൻ-ബ്രിട്ടിഷ് കുടുംബത്തിലാണ് ഇവർ ജനിച്ചതെന്നും, പിതാവ് വധിക്കപ്പെട്ടതിനെത്തുടർന്ന് അമ്മ ഇവരെ ലണ്ടനിലേക്കയച്ചെന്നും പറയപ്പെടുന്നു. യാത്രയ്ക്കിടെ ഫാവർഷാം എന്ന സ്ഥലത്ത് ഒരു ചെരുപ്പ് നിർമ്മാതാവിന്റെ പണിശാലയിലെത്തിയ ഇവർ അവിടെത്തന്നെ താമസമുറപ്പിച്ചു. ഇവരുടെ ഓർമ്മയ്ക്കായി ഫാവർഷാമിലും സ്ട്രൂഡിലെ പൊതുമന്ദിരത്തിനും ‘ക്രിസ്പിൻ ആൻഡ് ക്രിസ്പാനിയസ്’ എന്ന് പേര് നൽകിയിട്ടുണ്ട്.














