തെക്കേ അമേരിക്ക ലോകത്തിനു നല്‍കിയ ആദ്യ ‘വിശുദ്ധ പുഷ്പമാണ്’ ലിമായിലെ വിശുദ്ധ റോസ. 1586-ല്‍ പെറുവിന്റെ തലസ്ഥാനമായ ലിമായിലാണ് വിശുദ്ധ റോസാ ജനിച്ചത്. അവളുടെ ജ്ഞാനസ്നാന നാമം ഇസബെൽ എന്നായിരുന്നുവെങ്കിലും അവളുടെ സൗന്ദര്യം കണ്ടിട്ട് എല്ലാവരും റോസ എന്ന് വിളിക്കാൻ തുടങ്ങി. ബാല്യം മുതൽ അവൾ പ്രദർശിപ്പിച്ചിരുന്ന ക്ഷമയും സഹനശേഷിയും അസാധാരണമായിരുന്നു. സിയന്നായിലെ വിശുദ്ധ കാതറിന്റെ മാതൃകയെ അനുകരിച്ചുകൊണ്ട് അവള്‍ ഡൊമിനിക്കന്‍ മൂന്നാം സഭയില്‍ ചേരുകയും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തു.
വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ്, വിശുദ്ധ ജോണ്‍ മസിയാസ് എന്നിവര്‍ വിശുദ്ധയുടെ സുഹൃത്തുക്കള്‍ ആയിരുന്നു. അനുതാപത്തിലും, നന്മയിലും അധിഷ്ടിതമായ ഒരു ജീവിതമായിരുന്നു അവള്‍ നയിച്ചിരിന്നത്. വിശുദ്ധക്ക് അഞ്ച് വയസ്സ് പ്രായമുള്ളപ്പോള്‍ തന്നെ അവള്‍ തന്റെ നിഷ്കളങ്കത ദൈവത്തിനു വേണ്ടി കാത്ത് സൂക്ഷിക്കുമെന്ന് ദൃഡനിശ്ചയം ചെയ്തു.
വേദനാജനകമായ ശാരീരികാസ്വസ്ഥതകള്‍ കൂടാതെ കുടുംബത്തില്‍ നിന്നു തന്നെയുള്ള എതിര്‍പ്പുകളും, ശകാരങ്ങളും വിശുദ്ധക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ ‘താന്‍ അര്‍ഹിക്കുന്നതിലും അധികമായി ദൈവം തന്നെ പരിപാലിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് അവള്‍ ഇതിനെയെല്ലാം സന്തോഷപൂര്‍വ്വം സ്വീകരിച്ചു. ഏതാണ്ട് പതിനഞ്ചു വര്‍ഷത്തോളം അവള്‍ കഠിനമായ ആത്മീയ സഹനങ്ങളും ഒറ്റപ്പെടലുകളും സഹിച്ചു.
1617 ഓഗസ്റ്റ് 24-ന് പരിശുദ്ധ കന്യകയുടെ കാവല്‍ മാലാഖ അവളെ തന്റെ സ്വര്‍ഗ്ഗീയമണവാളന്റെ പക്കലേക്ക് കൂട്ടികൊണ്ട് പോയി.