1381-ല്‍ ഇറ്റലിയിലെ സ്പോളെറ്റോക്ക് സമീപമുള്ള റോക്കാപൊരേനയില്‍ വയോധികരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ റീത്താ ജനിച്ചത്. സന്യാസജീവിതത്തോടുള്ള താല്‍പ്പര്യം വളരെ ചെറുപ്പത്തില്‍ തന്നെ വിശുദ്ധ പ്രകടമാക്കിയിരുന്നു. അവള്‍ ആഗസ്റ്റീനിയന്‍ ആശ്രമത്തില്‍ ചേരണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും തന്റെ മാതാ-പിതാക്കളുടെ ഇഷ്ടത്തെ മാനിച്ചുകൊണ്ട് 12-മത്തെ വയസ്സില്‍ വിവാഹിതയായി.
പക്ഷേ 1413-ല്‍ റീത്തയുടെ വിശ്വാസവും, നിര്‍ബന്ധവും കാരണം അവളെ മഠത്തില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നു. മഠത്തില്‍ ചേരുവാനുള്ള അവളുടെ അപേക്ഷകള്‍ നിരന്തരമായി നിരസിക്കപ്പെട്ടപ്പോള്‍ ഒരു രാത്രിയില്‍ അവള്‍ ദൈവം തന്റെ അപേക്ഷ കേള്‍ക്കുന്നത് വരെ വളരെഭക്തിയോട് കൂടി പ്രാര്‍ത്ഥിച്ചുവെന്നും, ദൈവം അവളുടെ അപേക്ഷയെ സ്വീകരിച്ചുകൊണ്ട് പൂട്ടിയ വാതിലുകള്‍ക്കിടയിലൂടെ അത്ഭുതകരമായി റീത്തയെ ആ മഠത്തിലേക്ക് മാറ്റിയെന്നും പറയപ്പെടുന്നു. രാവിലെ അവിടുത്തെ കന്യാസ്ത്രീകള്‍ വിശുദ്ധയെ മഠത്തില്‍ കണ്ടപ്പോള്‍ ഇത് ദൈവേഷ്ടമാണെന്ന് മനസ്സിലാക്കി റീത്തയെ അവിടെ പ്രവേശിപ്പിച്ചുവെന്നും ഒരു ഐതിഹ്യം നിലവിലുണ്ട്.
സന്യാസവൃതം സ്വീകരിച്ചതോടെ വിശുദ്ധ വളരെ കര്‍ക്കശമായ ജീവിത രീതികള്‍ പാലിക്കുവാന്‍ തുടങ്ങി. അവളുടെ അനുതാപത്താലും, മറ്റുള്ളവരോടുള്ള ശ്രദ്ധകൊണ്ടും അവള്‍ സകലരുടേയും പ്രീതിക്ക് പാത്രമായി. അവിടത്തെ മറ്റ് കന്യാസ്ത്രീകള്‍ അസുഖ ബാധിതരാകുമ്പോള്‍ വിശുദ്ധയായിരുന്നു അവരെ ശുശ്രൂഷിച്ചിരുന്നത്. മാത്രമല്ല വിശ്വാസം ഉപേക്ഷിച്ച ക്രിസ്തീയരെ തിരികെ വിശ്വാസത്തിലേക്ക് കൊണ്ടുവരുന്നതിനായും വിശുദ്ധ വളരെയധികം കഷ്ടപ്പെട്ടു.
1441-ല്‍ അവള്‍ വിശുദ്ധ ജെയിംസ് ഡെല്ലാ മാര്‍ക്കായുടെ ഒരു പ്രഭാഷണം കേള്‍ക്കുവാനിടയായി. മുള്‍കീരീടത്തെ കുറിച്ചായിരുന്നു ആ പ്രഭാഷണം. അതിനു ശേഷം അവള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അവള്‍ക്ക് തന്റെ നെറ്റിയില്‍ മുള്ള് കുത്തിയിറങ്ങുന്നത് പോലയുള്ള ഒരു വേദന അനുഭവപ്പെട്ടു. വേദനയനുഭവപ്പെട്ട സ്ഥലം പിന്നീട് ഒരു മുറിവായി രൂപാന്തരപ്പെട്ടു, അവളെ മറ്റുള്ള കന്യകാസ്ത്രീകളില്‍ നിന്നും മാറ്റിപാര്‍പ്പിക്കുവാന്‍ തക്കവിധം വൃത്തിഹീനമായിരുന്നു ആ മുറിവ്.
1450-ല്‍ റോമിലേക്കുള്ള തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കേണ്ട സമയമായപ്പോഴേക്കും അവളുടെ മുറിവ് ഉണങ്ങി, പക്ഷേ തിരിച്ചെത്തിയ ഉടന്‍ തന്നെ ആ മുറിവ് വീണ്ടും പ്രത്യക്ഷപ്പെട്ടു. 1457 മെയ് 22ന് ശക്തമായ ക്ഷയരോഗത്തെ തുടര്‍ന്നു ഇറ്റലിയിലെ ഉംബ്രിയായിലുള്ള കാസ്സിയായില്‍ വെച്ച് അവള്‍ ദൈവസന്നിധിയിലേക്ക് യാത്രയായി.