ഫെര്‍മോ രൂപതയിലെ സാന്റ് ആഞ്ചലോയില്‍ ഏതാണ്ട് 1245-ലാണ് വിശുദ്ധ നിക്കോളാസ് ടൊളെന്റിനോ ജനിച്ചത്. വിശുദ്ധന്റെ മാതാവിന്റെ പ്രാര്‍ത്ഥനയുടെ ഫലമായിരുന്നു വിശുദ്ധ നിക്കോളാസ്. മധ്യവയസ്കരായിട്ടും കുട്ടികള്‍ ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് വിശുദ്ധന്റെ മാതാവ് തന്റെ ഭര്‍ത്താവിന്റെ കൂടെ ബാരിയിലെ വിശുദ്ധ നിക്കോളാസിന്റെ ദേവാലയത്തിലേക്കൊരു തീര്‍ത്ഥയാത്ര നടത്തി. ഒരു മകന് വേണ്ടി പ്രാര്‍ത്ഥിക്കുകയും, ഒരു മകനുണ്ടാവുകയാണെങ്കില്‍ അവനെ ദൈവസേവനത്തിനായി സമര്‍പ്പിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അവരുടെ പ്രാര്‍ത്ഥനക്ക് ഫലമുണ്ടായി. അപ്രകാരം അവര്‍ക്ക് ഒരു മകനുണ്ടാവുകയും അവര്‍ അവന് നിക്കോളാസ് എന്ന് പേരിടുകയും ചെയ്തു. അധികം താമസിയാതെ തന്നെ ആ കുട്ടി ഒരു വിശുദ്ധന്റേതായ അസാധാരണമായ അടയാളങ്ങള്‍ കാണിക്കുവാന്‍ തുടങ്ങി. അവന് ഏഴ് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ പര്‍വ്വതങ്ങളില്‍ താന്‍ കണ്ടിട്ടുള്ള സന്യാസിമാരെ അനുകരിച്ച് അവനും തന്റെ വീടിന്റെ അടുത്തുള്ള ഗുഹയില്‍ രഹസ്യമായി പ്രാര്‍ത്ഥിക്കുക പതിവായിരുന്നു.
1271-ല്‍ വിശുദ്ധന്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും വളരെയേറെ ഭക്തിയോടു കൂടി തന്റെ പ്രഥമ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു. അതിനു ശേഷം, എപ്പോഴൊക്കെ വിശുദ്ധന്‍ ദിവ്യബലിയര്‍പ്പിക്കുന്നുവോ തന്റെ ജ്വലിക്കുന്ന സ്നേഹത്തിന്റെ അഗ്നിയില്‍ തിളങ്ങുന്നതായി കാണപ്പെടാറുണ്ടായിരുന്നു. വിശുദ്ധന്റെ പ്രബോധനങ്ങളും, ഉപദേശങ്ങളും, വഴി നിരവധി പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കുകയുണ്ടായി. കൂടാതെ അദ്ദേഹത്തിന്റെ നിരവധിയായ അത്ഭുതപ്രവര്‍ത്തനങ്ങള്‍ വഴിയും അനേകം പേര്‍ വിശ്വാസമാര്‍ഗ്ഗത്തിലേക്ക് വന്നു. എന്നിരുന്നാലും ഈ അത്ഭുതപ്രവര്‍ത്തനങ്ങളുടെ കീര്‍ത്തിയില്‍ അദ്ദേഹം മതിമറന്നില്ല. “ഇതിനെക്കുറിച്ച് ഒന്നും പറയാതിരിക്കുക, എനിക്കല്ല ദൈവത്തിനു നന്ദി പറയുക, ഞാന്‍ ദൈവത്തിന്റെ കയ്യിലെ ഒരു കളിമണ്‍ പാത്രം മാത്രം, വെറും ദരിദ്രനായ പാപി” ഇതായിരിന്നു വിശുദ്ധന്‍ അതിനെക്കുറിച്ച് പറഞ്ഞിരുന്നത്.
വിശുദ്ധ നിക്കോളാസിന്റെ അവസാന അഞ്ച് വര്‍ഷക്കാലം അദ്ദേഹം കിടപ്പിലായിരുന്നു. ഇക്കാലയളവില്‍ വിശുദ്ധന്‍ ഒരുപാട് സഹനങ്ങള്‍ അനുഭവിക്കുകയുണ്ടായി. 1305-ല്‍ ടൊളെന്റിനോയില്‍ തന്റെ സന്യാസസമൂഹത്തിന്റെ നടുവില്‍ വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്.













