വിശുദ്ധ മര്‍ക്കോസിന്റെ പില്‍ക്കാല ജീവിതത്തെ കുറിച്ച് വളരെക്കുറിച്ച് വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. ജനനം കൊണ്ട് അദ്ദേഹം ഒരു യഹൂദനായിരുന്നു. രക്ഷകനായ യേശു മരിക്കുമ്പോള്‍ മര്‍ക്കോസ് ഒരു യുവാവായിരുന്നു. തിരുസഭയുടെ ആദ്യകാല വളര്‍ച്ചക്ക് സാക്ഷ്യം വഹിച്ച വിശുദ്ധന്‍ ആ അറിവ് പില്‍ക്കാലത്ത് തന്റെ സുവിശേഷ രചനകളില്‍ പ്രതിഫലിപ്പിക്കുകയും ചെയ്തു. വിശുദ്ധ
പത്രോസും മര്‍ക്കോസും തമ്മില്‍ വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്, അദ്ദേഹം വിശുദ്ധ പത്രോസിന്റെ സഹചാരിയും, ശിഷ്യനും, തര്‍ജ്ജമക്കാരനുമായി വര്‍ത്തിച്ചിരുന്നുവെന്ന്‍ പറയപ്പെടുന്നു. വിശുദ്ധ പത്രോസ് റോമില്‍ സുവിശേഷ പ്രഘോഷണം നടത്തിയപ്പോള്‍ മര്‍ക്കോസ് അവിടെ സന്നിഹിതനായിരുന്നുവെന്നും, വിശുദ്ധ പത്രോസിന്റെ സ്വാധീനത്താലാണ് വിശുദ്ധന്‍ തന്റെ ആദ്യത്തെ സുവിശേഷം രചിച്ചതെന്നും ഒരു പൊതുവായ അഭിപ്രായമുണ്ട്.
നാല് സുവിശേഷങ്ങളിലും വെച്ച് ഏറ്റവും ചെറിയ സുവിശേഷം വിശുദ്ധ മര്‍ക്കോസിന്റെതായിരിന്നു. കൂടാതെ അദ്ദേഹത്തിന്റെ സുവിശേഷം രൂപം കൊണ്ടത് റോമിലാണ്. മാത്രമല്ല യേശുവിന്റെ ജീവിതത്തെ കാലഗണനാപരമായി അവതരിപ്പിച്ചതാണ് വിശുദ്ധന്റെ മറ്റൊരു യോഗ്യത. അദ്ദേഹത്തിന്റെ സുവിശേഷത്തില്‍ രക്ഷകന്റെ ജീവിത സംഭവങ്ങളെ ചരിത്രപരമായി കോര്‍ത്തിണക്കിയിരിക്കുന്നത് കാണുവാന്‍ നമ്മുക്ക് സാധിയ്ക്കും. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷങ്ങള്‍ ‘പത്രോസിന്റെ സുവിശേഷങ്ങളെന്ന്’ പറയപ്പെടുന്നു.
കാരണം വിശുദ്ധ മര്‍ക്കോസ് സുവിശേഷമെഴുതിയത് വിശുദ്ധ പത്രോസിന്റെ നിര്‍ദ്ദേശത്തിലും സ്വാധീനത്തിലുമാണ്. ഈജിപ്തിലെ അലെക്സാണ്ട്രിയായിലെ മെത്രാനായിരിരുന്നതു കൊണ്ട് ഒരു രക്തസാക്ഷിയുടെ മരണമായിരുന്നു വിശുദ്ധന്റെതെന്നു കരുതപ്പെടുന്നു.