എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ സ്ഥാപകനും അബീസീനിയയിലെ അപ്പോസ്തോലനുമായി അറിയപ്പെടുന്ന വിശുദ്ധ ഫ്രൂമെന്റിയൂസ്, സഹോദരനായ എദേസിയൂസുമൊത്ത് എ.ഡി. 4-ാം നൂറ്റാണ്ടിൽ ക്രൈസ്തവ വിശ്വാസം ആഫ്രിക്കൻ രാജ്യത്ത് എത്തിച്ചു. ഫിനീഷ്യയിലെ ടൈറിൽ നിന്നുള്ളവരായിരുന്നു ഇരുവരും.
എ.ഡി. 316-ൽ അമ്മാവനോടൊപ്പം ചെങ്കടൽ വഴിയുള്ള ഒരു കപ്പൽ യാത്രയ്ക്കിടെ, കപ്പൽ തീരത്തടുത്തപ്പോൾ, എദേസിയൂസും ഫ്രൂമെന്റിയൂസുമൊഴികെ മറ്റെല്ലാവരും പ്രാദേശിക ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബാലന്മാരായിരുന്ന ഇരുവരെയും പിടികൂടി അടിമകളാക്കി അക്സുമിലെ (Axum) രാജാവിന്റെ മുന്നിൽ ഹാജരാക്കി. താമസിയാതെ രാജാവിന്റെ പ്രീതി നേടിയ ഇവർക്ക് മോചനം ലഭിക്കുകയും വിശ്വസ്ത പദവികൾ നൽകുകയും ചെയ്തു.
രാജാവിന്റെ മരണശേഷം, വിധവയായ രാജ്ഞി, കിരീടാവകാശിയായ ഇറാസനെസിനെ പഠിപ്പിക്കുന്നതിനും രാജ്യഭരണത്തിൽ സഹായിക്കുന്നതിനും ഇവരെ ചുമതലപ്പെടുത്തി. ഈ അവസരം ഉപയോഗിച്ച്, ഇവർ അക്സുമിൽ ക്രിസ്തുമത പ്രചാരണത്തിന് തുടക്കം കുറിച്ചു. ക്രിസ്ത്യൻ വ്യാപാരികളെ പ്രോത്സാഹിപ്പിക്കുകയും, അവർക്ക് ആരാധനകൾക്കായി പൊതുസ്ഥലങ്ങളിൽ ഒത്തുകൂടാൻ അനുവാദം നേടിക്കൊടുക്കുകയും ചെയ്തതിലൂടെ നിരവധി പ്രദേശവാസികൾ ക്രിസ്തുമതം സ്വീകരിച്ചു.
രാജകുമാരൻ പ്രായപൂർത്തിയായപ്പോൾ, എദേസിയൂസ് ടൈറിലേക്ക് മടങ്ങി. എന്നാൽ മതപ്രചാരണത്തിൽ തൽപരനായിരുന്ന ഫ്രൂമെന്റിയൂസ്, അലക്സാണ്ട്രിയയിലേക്ക് പോയി. അവിടെവെച്ച്, വിശുദ്ധ അത്തനാസിയൂസിനെ സന്ദർശിക്കുകയും അബീസീനിയയിലേക്ക് ഒരു മെത്രാനെ അയക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
ഫ്രൂമെന്റിയൂസ് തന്നെയാണ് ഈ ദൗത്യത്തിന് ഏറ്റവും യോഗ്യനെന്ന് മനസ്സിലാക്കിയ വിശുദ്ധ അത്തനാസിയൂസ്, എ.ഡി. 328-ൽ അദ്ദേഹത്തെ അക്സുമിലെ മെത്രാനായി വാഴിച്ചു (ഇത് 340-നും 346-നും ഇടയിലാണെന്നും കരുതപ്പെടുന്നു). അക്സുമിൽ തിരിച്ചെത്തിയ ഫ്രൂമെന്റിയൂസ്, അധികാരം ഏറ്റെടുത്ത ഐസനാസ് രാജാവിനെയും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിച്ചു. നിരവധി പള്ളികൾ പണിയുകയും രാജ്യമെമ്പാടും ക്രിസ്തുമതം പ്രചരിപ്പിക്കുകയും ചെയ്ത അദ്ദേഹത്തെ അബീസീനിയൻ ജനത ‘അബൂന’ (ഞങ്ങളുടെ പിതാവ്) അല്ലെങ്കിൽ ‘അബ്ബാ സലാമ’ (സമാധാനത്തിന്റെ പിതാവ്) എന്ന് വിളിച്ചിരുന്നു.
എത്യോപ്യൻ സഭയുടെ തലവൻ ഇപ്പോഴും ഈ സ്ഥാനപ്പേരിലാണ് അറിയപ്പെടുന്നത്. ഫ്രൂമെന്റിയൂസാണ് പുതിയ നിയമത്തിന്റെ ആദ്യ എത്യോപ്യൻ തർജ്ജമ നടത്തിയതെന്നും വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ തിരുനാൾ വിവിധ സഭകൾ ഒക്ടോബർ 27 (ലാറ്റിൻ), നവംബർ 30 (ഗ്രീക്ക്), ഡിസംബർ 18 (കോപ്റ്റിക്) തീയതികളിൽ ആഘോഷിക്കുന്നു.














