രണ്ടാം നൂറ്റാണ്ടില്‍ മാര്‍ക്കസ് ഒറേലിയൂസ് ചക്രവര്‍ത്തിയുടെ കാലത്താണ് വിശുദ്ധ വിശുദ്ധ ഡിയോണിസിയൂസ് ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. അക്കാലത്ത് സഭയിലെ വാക്ചാതുര്യമുള്ള ഇടയന്‍മാരില്‍ ഒരാളായിരുന്നു വിശുദ്ധന്‍. ജീവന്റെ വാക്കുകള്‍ തന്റെ കുഞ്ഞാടുകള്‍ക്ക് മാത്രം പകര്‍ന്ന് കൊടുക്കുന്നതില്‍ സംതൃപ്തനല്ലായിരുന്നു വിശുദ്ധന്‍, ദൂരെയുള്ളവരെ പോലും സമാശ്വാസിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുക വിശുദ്ധന്റെ പതിവായിരുന്നു.
വിശുദ്ധന്‍ റോമന്‍ സഭക്കെഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു:- “ആദ്യകാലം മുതലേ എല്ലാസ്ഥലങ്ങളിലുമുള്ള സഭകളുടെ നിലനില്‍പ്പിനായി സഹായങ്ങള്‍ അയച്ചുകൊടുക്കുന്നത് നിന്റെ പതിവാണ്. ആവശ്യമുള്ളവര്‍ക്ക് നീ സഹായം കൊടുക്കുന്നു. പ്രത്യേകിച്ച് ഖനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടി; ഇതില്‍ നീ നിനക്ക് മുന്‍പുള്ള പിതാക്കന്‍മാരുടെ മാതൃക പിന്തുടരുന്നു. ഇക്കാര്യത്തില്‍ അനുഗ്രഹീതനായ മെത്രാന്‍ സോട്ടര്‍, തന്റെ മുന്‍ഗാമികളില്‍ നിന്നും ഒരുപടി മുന്നിലാണ്. അദ്ദേഹം അവരേയും മറികടന്നിരിക്കുന്നു; ഒരു പിതാവ് മക്കള്‍ക്കെന്നപോലെ അദ്ദേഹം നല്‍കിയ ആശ്വാസം എടുത്ത് പറയേണ്ട കാര്യമില്ലല്ലോ, ഈ ദിവസം നാം ഒരുമിച്ച് നമ്മുടെ കര്‍ത്താവിന്റെ ദിനം ആഘോഷിച്ചു.”
ഗ്രീക്ക്കാര്‍ വിശുദ്ധ ഡിയോണിസിയൂസിനെ ഒരു രക്തസാക്ഷി എന്ന നിലയില്‍ ആദരിക്കുന്നു. കാരണം, വിശുദ്ധന്‍ സമാധാനപൂര്‍വ്വമാണ് മരണപ്പെട്ടതെന്ന് കാണപ്പെടുന്നുണ്ടെങ്കിലും ക്രിസ്തുവിലുള്ള വിശ്വാസത്തിനു വേണ്ടി അദ്ദേഹം ഒരുപാടു കഷ്ടതകള്‍ സഹിച്ചു. എന്നാല്‍ ലാറ്റിന്‍കാര്‍ വിശുദ്ധനെ ഒരു കുമ്പസാരകനായി മാത്രമാണ് പരിഗണിക്കുന്നത്. പാശ്ചാത്യ ദേശങ്ങളിൽ ഏപ്രില്‍ 8-നും പൗരസ്ത്യ രാജ്യങ്ങളിൽ നവംബര്‍ 29-നും ഇദ്ദേഹത്തിന്റെ തിരുനാള്‍ ആഘോഷിച്ചുവരുന്നു.