വേദപാരംഗതനായിരുന്ന വിശുദ്ധ ബര്‍ത്തലോമിയോ, അപ്പസ്തോലനായിരുന്ന വിശുദ്ധ ഫിലിപ്പോസിന്റെ ഒരു അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ മനസ്സ് എപ്പോഴും സത്യത്തിനു നേരെ തുറന്നിട്ടിരുന്നു. വിശുദ്ധന് സ്വന്തം ഇഷ്ടപ്രകാരം ഫിലിപ്പോസിനോടൊപ്പം യേശുവിനെ കാണുവാനായി വരികയും, കണ്ട മാത്രയില്‍ തന്നെ അത് രക്ഷകനായ ദൈവപുത്രനാണെന്ന സത്യം തിരിച്ചറിയുകയും ചെയ്തു. ആദ്യ പെന്തക്കോസ്ത് ദിനത്തില്‍ പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാല്‍ സമ്മാനിതനായ ബര്‍ത്തലോമിയോ ഏഷ്യാ മൈനര്‍, വടക്ക് പടിഞ്ഞാറന്‍ ഇന്ത്യ, അര്‍മേനിയ എന്നിവിടങ്ങളില്‍ സുവിശേഷം പ്രചരിപ്പിച്ചു.
വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ നഥാനിയേല്‍ എന്ന പേരിലാണ് വിശുദ്ധ ബര്‍ത്തലോമിയോ അറിയപ്പെടുന്നത്. ഗലീലിയിലെ കാനാ സ്വദേശിയായ വിശുദ്ധ ബര്‍ത്തലോമിയോ യേശു തിരഞ്ഞെടുത്ത ആദ്യ ശിഷ്യന്മാരില് ഒരാളായിരുന്നു.
ജീവനോട് കൂടി തന്നെ വിശുദ്ധന്റെ ശരീരത്തില്‍ നിന്നും തൊലി ഉരിയുകയായിരുന്നുവെന്നാണ് ചരിത്രകാരന്മാര് രേഖപ്പെടുത്തിയിരിക്കുന്നത്. അര്‍മേനിയക്കാര്‍ തങ്ങളുടെ രാഷ്ട്രത്തിന്റെ അപ്പസ്തോലന് എന്ന നിലക്ക് വിശുദ്ധനെ ആദരിച്ചു വരുന്നു. വിശുദ്ധന്റെ തിരുശേഷിപ്പുകളെക്കുറിച്ച് രക്തസാക്ഷിത്വ പട്ടികയില്‍ ഇപ്രകാരം വിവരിച്ചിരിക്കുന്നു: “വിശുദ്ധന്റെ ദിവ്യമായ ഭൗതീക ശരീരം ആദ്യം ലിപാരി ദ്വീപിലേക്കും (വടക്കന്‍ സിസിലി), അതിനു ശേഷം ബെനെവെന്റോയിലേക്കും കൊണ്ട് വന്നു. അവിടെ നിന്നും റോമിലെ ടിബേര്‍ നദിയിലെ ഒരു ദ്വീപില്‍ കൊണ്ട് വരികയും അവിടെ വിശ്വാസികള്‍ വളരെ ആദരപൂര്‍വ്വം അതിനെ ആദരിക്കുകയും ഭക്തിപൂര്‍വ്വം വണങ്ങുകയും ചെയ്തു വരുന്നു.”













