വിശുദ്ധ പിയൂസ് അഞ്ചാമൻ മാർപാപ്പ ആരംഭിച്ച പരിശുദ്ധ ജപമാല രാജ്ഞിയുടെ നാമഹേതു തിരുനാൾ ഇന്ന് ലോകമെമ്പാടുമുള്ള കത്തോലിക്കർ ആഘോഷിക്കുന്നു. 1571 ഒക്ടോബർ 7-ന് തുർക്കികളുമായുണ്ടായ ലെപാന്റോ യുദ്ധത്തിൽ കൈവരിച്ച നിർണ്ണായകമായ നാവിക വിജയത്തിന് ദൈവമാതാവിനോടുള്ള നന്ദി പ്രകടിപ്പിക്കാനായാണ് ഈ തിരുനാൾ ആഘോഷിച്ചു തുടങ്ങിയത്. വിശ്വാസികളുടെ നിരന്തരമായ ജപമാല പ്രാർത്ഥനയുടെ ഫലമായാണ് ഈ വിജയം കൈവരിച്ചതെന്നും, ഇസ്ലാമിക ശക്തികൾ യൂറോപ്പിന്റെ മേൽ ആധിപത്യം സ്ഥാപിക്കുന്നത് തടയാൻ ഈ യുദ്ധവിജയം കാരണമായെന്നും ചരിത്രം രേഖപ്പെടുത്തുന്നു.
ദൈവമാതാവിനോടുള്ള പ്രാർത്ഥനയുടെ ഫലമായി നേടിയ ഈ വിജയത്തിന്റെ സ്മരണ നിലനിർത്താനായി ‘ദൈവമാതാവ് ക്രിസ്ത്യാനികളുടെ സഹായം’ എന്ന സ്തുതി പ്രാർത്ഥനാക്രമത്തിൽ ഉൾപ്പെടുത്തി. 1716-ൽ ബെൽഗ്രേഡിൽ വച്ച് തുർക്കികൾ വീണ്ടും പരാജയപ്പെട്ടത് അഡ്നിവ്സിലെ പരിശുദ്ധ രാജ്ഞിയുടെ നാമഹേതു തിരുന്നാൾ ദിവസം തന്നെയായിരുന്നു എന്നതും ശ്രദ്ധേയമാണ്.
ലിയോ പതിമൂന്നാമൻ മാർപാപ്പയാണ് “പരിശുദ്ധ ജപമാലയുടെ രാജ്ഞീ, ഞങ്ങൾക്ക് വേണ്ടീ പ്രാർത്ഥിക്കണമേ” എന്ന പ്രശസ്തമായ പ്രാർത്ഥന പ്രാർത്ഥനാക്രമത്തിൽ കൂട്ടിച്ചേർത്തത്. പരിശുദ്ധ ദൈവമാതാവിന്റെ ജപമാല വഴി ലഭിച്ച അളവറ്റ അനുഗ്രഹങ്ങൾക്കും നന്മകൾക്കും പകരമായി അമ്മയോട് കാണിക്കുന്ന നന്ദി പ്രകാശനത്തിന്റെ ആഘോഷമാണ് ഈ തിരുനാൾ.
ആധുനിക കാലഘട്ടത്തിലെ മാർപാപ്പമാരെല്ലാം തന്നെ വിശ്വാസികളെ ജപമാലയോട് ഭക്തിയുള്ളവരായിരിക്കാൻ നിരന്തരം ആഹ്വാനം ചെയ്യുന്നുണ്ട്. ആഴമായ അർത്ഥതലങ്ങളുള്ള ഈ പ്രാർത്ഥന, പുത്രനായ ക്രിസ്തുവിനോടും രക്ഷാകര പദ്ധതിയിൽ സഹായിയായ പരിശുദ്ധ ദൈവമാതാവിനോടുമുള്ള സ്നേഹവും ഐക്യവും പ്രകടമാക്കുന്നു. ജപമാലയുടെ പ്രചാരം വഴി സഭയുടെ മേൽ ദൈവത്തിന്റെ അനുഗ്രഹങ്ങൾ ധാരാളമായി വർഷിക്കപ്പെടുന്നുവെന്നും കത്തോലിക്കാ സഭ വിശ്വസിക്കുന്നു












