ദൈനംദിന വിശുദ്ധർ മെയ് 30: വിശുദ്ധ ഫോര്‍ഡിനാന്റ്  മൂന്നാമന്‍

Date:

1198-ല്‍ ലിയോണിലെ രാജാവായിരുന്ന അല്‍ഫോണ്‍സസിന്റേയും, കാസ്റ്റില്ലേയിലെ ബെരന്‍ങ്ങേരയുടേയും മൂത്തമകനായിട്ടാണ് വിശുദ്ധ ഫെര്‍ഡിനാന്റ് ജനിച്ചത്‌. 1214-ല്‍ അല്‍ഫോണ്‍സസ് ഒമ്പതാമന്‍ മരണാപ്പെട്ടതോടെ അദ്ദേഹത്തിന്റെ മകനായ ഹെന്‍ട്രി തന്റെ പതിനൊന്നാമത്തെ വയസ്സില്‍ രാജാവായി അവരോധിതനായി. ഹെന്‍ട്രിയുടെ മാതാവായിരുന്ന എലിയോനോറായിരുന്നു ഭരണകാര്യങ്ങളില്‍ അദ്ദേഹത്തിന്റെ ഉപദേഷ്ടാവ്‌. അവരുടെ മരണത്തോടെ ആ ചുമതല ബെരന്‍ങ്ങേരയുടെ ചുമലിലായി. ഹെന്‍ട്രിയുടെ മരണത്തോടെ തന്നില്‍ വന്ന് ചേര്‍ന്ന അധികാരം ബെരന്‍ങ്ങേര തന്റെ മകനായ ഫെര്‍ഡിനാന്റ് മൂന്നാമന് കൈമാറി. അങ്ങിനെ തന്റെ 18-മത്തെ വയസ്സില്‍ വിശുദ്ധന്‍ പാലെന്‍സിയാ, വല്ലഡോളിഡ്‌, ബുര്‍ഗോസ് എന്നിവിടങ്ങളിലെ രാജാവായി.

ചതിയനും, കൗശലക്കാരനുമായിരുന്ന ഡോണ്‍ അല്‍വാരെസ്‌ എന്ന പ്രഭു രാജ്യത്ത്‌ കുഴപ്പങ്ങള്‍ക്കും, ആഭ്യന്തര യുദ്ധങ്ങള്‍ക്കും കാരണമായപ്പോള്‍ വിശുദ്ധന്‍ തന്റെ വിവേകവും, ധൈര്യവും തന്റെ മാതാവിന്റെ ഉപദേശങ്ങളും കൊണ്ട് അതിനെയെല്ലാം മറികടന്നു. ഡോണ്‍ അല്‍വാരെസിനെ വിശുദ്ധന്‍ പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചു. ഒരു വലിയ രാജാവായിരുന്നുവെങ്കിലും വിശുദ്ധന്‍ തന്റെ മാതാവിനെ അനുസരിക്കുകയും വളരെയേറെ ബഹുമാനിക്കുകയും ചെയ്തിരുന്നു. തന്റെ മാതാവിന്റെ ഉപദേശത്താല്‍ വിശുദ്ധന്‍ 1219-ല്‍ ജര്‍മ്മനിയിലെ ചക്രവര്‍ത്തിയായിരുന്ന സോബിയായിലെ ഫിലിപ്പിന്റെ മകളായിരുന്ന ബിയാട്രിക്സിനെ തന്റെ ഭാര്യയായി സ്വീകരിച്ചു. വളരെ സന്തോഷകരമായ ഈ ദാമ്പത്യത്തില്‍ അവര്‍ക്ക്‌ 7 ആണ്‍കുട്ടികളും 3 പെണ്‍കുട്ടികളും ജനിച്ചു.

ഭരണത്തിലും, നിയമങ്ങള്‍ നടപ്പാക്കുന്ന കാര്യത്തിലും വളരെ കര്‍ക്കശക്കാരനായിരുന്നു വിശുദ്ധന്‍. തനിക്ക്‌ എതിരെയുണ്ടായിരുന്ന ലഹളകള്‍ വളരെ പെട്ടെന്ന് തന്നെ വിശുദ്ധന്‍ അവസാനിപ്പിച്ചു. എന്നിരുന്നാലും ദാനധര്‍മ്മങ്ങളില്‍ ഏറെ തല്‍പ്പരനായിരുന്നു വിശുദ്ധന്‍. നീതിനടപ്പാക്കുന്നതിനായി വിശുദ്ധന്‍ റോയല്‍ കൗണ്‍സില്‍ ഓഫ് കാസ്റ്റില്‍ എന്നറിയപ്പെടുന്ന കോടതി സ്ഥാപിക്കുകയും, ഏറ്റവും സമര്‍ത്ഥരായ അഭിഭാഷകരെ ഉപയോഗിച്ച് ഒരു വ്യക്തമായ നിയമസംഹിതക്ക് രൂപം നല്‍കുകയും ചെയ്തു. അത് ആ രാജ്യത്ത്‌ ഇപ്പോഴും ഉപയോഗിച്ച് വരുന്നു.

തന്റെ പിതാവായ അല്‍ഫോണ്‍സസ് വിശുദ്ധന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ അവകാശമുന്നയിക്കുകയും, ആക്രമിക്കുകയും ചെയ്തിട്ടും വിശുദ്ധന്‍ അവയെല്ലാം സമചിത്തതയോടെ നേരിടുകയും, മൂറുകള്‍ക്കെതിരായ യുദ്ധത്തില്‍ തന്റെ പിതാവിനെ സഹായിക്കുവാനായി തന്റെ സൈന്യത്തെ അയക്കുകയും ചെയ്തു. യുദ്ധത്തില്‍ കഴിവതും ആയുധ പ്രയോഗം ഒഴിവാക്കുവാനായി വിശുദ്ധന്‍ ശ്രമിച്ചിരുന്നു. നിരവധി ആത്മീയ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും, അനേകം കത്രീഡലുകള്‍, ദേവാലയങ്ങള്‍, ആശ്രമങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ അറ്റകുറ്റപ്പണികള്‍ നടത്തി പുതുക്കി പണിയാനും വിശുദ്ധന്‍ ശ്രദ്ധ ചെലുത്തി. ജനപ്രിയനായിരുന്ന ഒരു രാജാവായിരുന്നു വിശുദ്ധന്‍, തന്റെ ജനങ്ങളുടെ മേല്‍ അമിതമായ നികുതിഭാരവും അദ്ദേഹം ചുമത്തിയിരുന്നില്ല.

1225-ല്‍ ബായിസാ ആക്രമിച്ചു കൊണ്ട് വിശുദ്ധന്‍ മൂറുകള്‍ക്കെതിരായ തന്റെ ആദ്യത്തെ ആക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചു. പിറ്റേ വര്‍ഷം ആഫ്രിക്കന്‍ വംശജനും രാജാവുമായിരുന്ന ആബെന്‍ മാഹോമെറ്റ് തന്റെ അധികാര പ്രദേശങ്ങള്‍ ഫെര്‍ഡിനാന്റിനു അടിയറവെക്കുകയും, അദ്ദേഹത്തിന്റെ അധീശത്വം അംഗീകരിക്കുകയും ചെയ്തു. 1230-ല്‍ വിശുദ്ധ ഫെര്‍ഡിനാന്റ് കൊര്‍ദോവയിലേയും, ആന്‍ഡലൂഷ്യയിലേയും 20-ഓളം പ്രദേശങ്ങള്‍ തന്റെ അധീനതയിലാക്കി. ഇതിനിടെ തങ്ങളുടെ ശത്രു മതത്തില്‍പ്പെട്ട ഫെര്‍ഡിനാന്റിനെ സഹായിച്ചുവെന്ന കാരണത്താല്‍ ആബെന്‍ മാഹോമെറ്റ് കൊല്ലപ്പെട്ടു. ഈ അവസരം മുതലെടുത്ത് വിശുദ്ധന്‍, ബായിസാ ആക്രമിക്കുകയും അവിടെ മെത്രാന്റെ ഒരു കാര്യാലയം സ്ഥാപിക്കുകയും ചെയ്തു. തന്റെ സൈനീകര്‍ക്കിടയില്‍ ദൈവഭക്തിയുടെ ഒരു ഉത്തമമാതൃകയായിരുന്നു വിശുദ്ധന്‍. അദ്ദേഹം കഠിനമായി ഉപവസിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്തു കൊണ്ടിരിന്നു. കുരിശിന്റെ ആകൃതിയിലുള്ള ഒരു പരുക്കന്‍ രോമക്കുപ്പായമായിരുന്നു വിശുദ്ധന്‍ ധരിച്ചിരുന്നത്. മൂറുകളില്‍ നിന്നും പിടിച്ചടക്കിയ നിരവധി പ്രദേശങ്ങള്‍ വിശുദ്ധന്‍ സന്യാസസഭകള്‍ക്കും ടോള്‍ഡോ അതിരൂപതക്കും നല്‍കി.

1230-ല്‍ ജായിന്‍ ആക്രമിക്കുവാന്‍ പോകുന്നതിനിടക്കാണ് തന്റെ പിതാവിന്റെ മരണവിവരം വിശുദ്ധന്‍ അറിയുന്നത്. തുടര്‍ന്ന് മാതാവിന്റെ ആവശ്യപ്രകാരം പിതാവിന്റെ രാജ്യമായ ലിയോണും വിശുദ്ധന്‍ തന്റെ അധീശത്വത്തിലാക്കി. 1234-ല്‍ വിശുദ്ധന്‍ മൂറുകള്‍ക്കെതിരെയുള്ള തന്റെ യുദ്ധം ഉബേദാ ആക്രമിച്ചുകൊണ്ട് പുനരാരംഭിച്ചു. ഇക്കാലയളവില്‍ വിശുദ്ധന്റെ മകനായിരുന്ന അല്‍ഫോണ്‍സസ് 1500-ഓളം വരുന്ന സൈനികരെകൊണ്ട് സെവില്ലേയിലേ രാജാവായിരുന്ന അബെന്‍ഹട്ടിന്റെ ഒരു വലിയ സൈന്യത്തെ പരാജയപ്പെടുത്തിയിരുന്നു. അപ്പസ്തോലനായിരുന്ന യാക്കോബ് ഈ യുദ്ധത്തില്‍ ക്രിസ്ത്യാനികളെ സഹായിച്ചതായി പറയപ്പെടുന്നു. 1236-ന്റെ തുടക്കത്തില്‍ വിശുദ്ധന്റെ ഭാര്യയായിരുന്ന ബിയാട്രിക്സ് മരണമടഞ്ഞു.

തന്റെ പ്രിയതമയുടെ വേര്‍പാടിന്റെ ദുഃഖത്തില്‍ നിന്നും മോചിതനായ വിശുദ്ധന്‍ കൊര്‍ദോവയും, ബായിസായും പൂര്‍ണ്ണമായും തന്റെ അധീശത്വത്തിലാക്കുകയും അവിടത്തെ ഒരു വലിയ മുസ്ലിം പള്ളി ശുദ്ധീകരിച്ചു മാതാവിന്റെ നാമധേയത്തില്‍ ഒരു ക്രിസ്തീയ ദേവാലയമാക്കി മാറ്റുകയും ചെയ്തു. തന്റെ മാതാവിന്റെ സഹോദരിയായിരിന്ന ബ്ലാഞ്ചേയുടേയും ഉപദേശത്തില്‍ ഫ്രാന്‍സിലെ രാജകുമാരിയായ ഡോവാഗറിനെ ഫെര്‍ഡിനാന്റ് തന്റെ രണ്ടാം ഭാര്യയായി സ്വീകരിച്ചു. ഈ ബന്ധത്തില്‍ അദ്ദേഹത്തിന് രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുണ്ടായി. ഇതിനിടയില്‍ നിരവധി ചെറു രാജ്യങ്ങളും ഫെര്‍ഡിനാന്റിന്റെ അധീശത്വം സ്വീകരിച്ചു. ഫെര്‍ഡിനാന്റിന്റെ ആത്മീയ ഗുരുവായിരുന്ന റോഡ്രിഗസ് മെത്രാപ്പോലീത്തയുടെയും തന്റെ മാതാവിന്റെയും മരണം വിശുദ്ധനെ വളരെയധികം തളര്‍ത്തി. എന്നിരുന്നാലും അദ്ദേഹം തന്റെ സൈനീക നീക്കങ്ങള്‍ ഉപേക്ഷിച്ചിരുന്നില്ല. സ്പെയിനില്‍ മൂറുകളുടെ ഏറ്റവും പ്രധാനപ്പെട്ടതും, സമ്പന്നവുമായ രാജ്യമായ സെവില്ലേയിലേക്ക്‌ വിശുദ്ധന്റെ ശ്രദ്ധ തിരിഞ്ഞു.

നീണ്ട പതിനൊന്ന് മാസത്തെ ഉപരോധത്തിനു ശേഷം 1249 നവംബര്‍ 23ന് അതിശക്തമായ സേവില്ലേ വിശുദ്ധന്‍ കീഴടക്കി. തുടര്‍ന്ന് വിശുദ്ധന്‍ ദൈവത്തിനും, പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥത്തിനും നന്ദി പറഞ്ഞു. തന്റെ ശേഷിച്ച മൂന്ന്‍ വര്‍ഷക്കാലത്തെ ജീവിതം വിശുദ്ധന്‍ സെവില്ലേയിലാണ് ചിലവഴിച്ചത്. ഇതിനിടയില്‍ നിരവധി പ്രദേശങ്ങള്‍ വിശുദ്ധന്റെ അധീനതയിലായി. നിരന്തരമായ ഭക്തിയോട് കൂടിയ ഒരു രാജാവിന്റേയും, ക്രിസ്ത്യന്‍ പടയാളിയുടേയും ഉത്തമ ഉദാഹരണമായിരുന്നു വിശുദ്ധന്‍. സ്വന്തം കാര്യങ്ങളില്‍ വളരെ കര്‍ക്കശക്കാരനായ വിശുദ്ധന്‍, പക്ഷേ മറ്റുള്ളവരോട് അനുകമ്പാപൂര്‍വ്വമായിരുന്നു പെരുമാറിയിരുന്നത്.

ആഫ്രിക്കയിലെ മൂറുകളെ ആക്രമിക്കുവാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടക്കാണ് വിശുദ്ധന്‍ അവസാനമായി രോഗബാധിതനാവുന്നത്. കുമ്പസാരവും മറ്റ് കൂദാശകളും വഴി വിശുദ്ധന്‍ തന്റെ മരണത്തെ സ്വീകരിക്കുവാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി. സെഗോവിയായിലെ മെത്രാന്റേയും, പുരോഹിതന്‍മാരുടേയും സാന്നിധ്യത്തില്‍ വിശുദ്ധന്‍ തന്റെ കിടക്കയില്‍ നിന്നും എഴുന്നേറ്റ്‌ തറയില്‍ മുട്ട് കുത്തിനിന്നു കുരിശുരൂപം കയ്യിലെടുത്ത് കണ്ണുനീരോട്കൂടി അതിനെ ചുംബിച്ചു. തുടര്‍ന്നു അദ്ദേഹം കുമ്പസാരം നടത്തി. അങ്ങിനെ 1252 മെയ്‌ 30ന് തന്റെ 53-മത്തെ വയസ്സില്‍ വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. വിശുദ്ധന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തെ സേവില്ലേയിലെ ദേവാലയത്തില്‍ മാതാവിന്റെ രൂപത്തിന് കീഴെ അടക്കം ചെയ്തു. അവിടത്തെ ഒരു അള്‍ത്താരയില്‍ വിശുദ്ധന്റെ ശരീരം ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു. ഇവിടെ നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുള്ളതായി പറയപ്പെടുന്നു. 1671-ല്‍ ക്ലെമന്റ് പത്താമന്‍ പാപ്പായാണ് ഫെര്‍ഡിനാന്റിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...