1811-ല്‍ കാസ്റ്റല്‍നുവോവോയിലെ ദൈവഭക്തരായ മാതാപിതാക്കളുടെ മകനായാണ് വിശുദ്ധ ജോസഫ് കഫാസോ ജനിച്ചത്. അവന്റെ പ്രായത്തിലുള്ള കുട്ടികളുടെ വിനോദങ്ങളില്‍ ജോസഫിന് ഒട്ടും തന്നെ താല്‍പ്പര്യം കാണിച്ചിരിന്നില്ല. വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നതും, മറ്റ് ഭക്തിപരമായ കാര്യങ്ങളില്‍ മുഴുകുന്നതും ആനന്ദമായി കണ്ടിരുന്ന അവന്‍ ദൈവത്തോടു കൂടിയായിരിക്കുവാനാണ് ആഗ്രഹിച്ചിരുന്നത്. ജോസഫിന് 6 വയസ്സ് പ്രായമുള്ളപ്പോള്‍ തന്നെ അവന്‍ വിശുദ്ധന്‍ എന്ന് വിളിക്കപ്പെട്ടിരുന്നു. പഠിച്ച സ്കൂളിലും, സെമിനാരി വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴും, അവന്റെ നിഷ്കളങ്കതയും, ധീരതയും, എളിമയും, നിയമങ്ങളോടുള്ള അനുസരണവും, പ്രാര്‍ത്ഥനയിലുള്ള ഭക്തിയും അവനെ മറ്റുള്ളവരുടെ ബഹുമാനത്തിന് അര്‍ഹനാക്കി. മറ്റൊരു അലോയ്സിയൂസ് ഗോണ്‍സാഗയായിട്ടാണ് ചരിത്രകാരന്മാര്‍ പലപ്പോഴും വിശുദ്ധനെ പറ്റി പരാമര്‍ശിച്ചിട്ടുള്ളത്.
വിശുദ്ധന്റെ പൗരോഹിത്യപട്ട സ്വീകരണത്തിന് അധികം നാളുകള്‍ കഴിയുന്നതിന് മുന്‍പ് തന്നെ, പുരോഹിത ശ്രേഷ്ഠനായ അലോയ്സ്യൂസ് ഗുവാല ടൂറിനിലെ ഫ്രാന്‍സിസ് അസ്സീസിയുടെ ദേവാലയത്തോടനുബന്ധിച്ച് ഒരു സെമിനാരി സ്ഥാപിക്കുകയും അവിടെ യുവ പുരോഹിതരെ തങ്ങളുടെ ദൈവവിളിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകകയും, ജാന്‍സനിസമെന്ന മതവിരുദ്ധവാദത്തിന്റെ തെറ്റുകളെ പ്രതിരോധിക്കുവാന്‍ സജ്ജമാക്കുകയും ചെയ്തു. ജോസഫ് അവിടെ ഒരു അദ്ധ്യാപകനായി നിയമിതനാവുകയും, അതിന്റെ സ്ഥാപകന്റെ മരണത്തോടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി നിശ്ചയിക്കപ്പെടുകയും ചെയ്തു.
സെമിനാരിയുടെ തലവനെന്ന നിലക്ക് വളരെ പെട്ടെന്ന്‍ തന്നെ ജോസഫ് ഫാദര്‍ ഗുവാല തുടങ്ങിവെച്ച ക്ലേശകരമായ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കി. ജാന്‍സനിസത്തിന്റേയും, മറ്റുള്ള നവോത്ഥാനകരുടേയും വിനാശകരമായ സിദ്ധാന്തങ്ങളെ ജോസഫ് വേരോടെ തന്നെ പിഴുതു മാറ്റുകയും, ക്രിസ്തീയ പരിപൂര്‍ണ്ണതയിലേക്കുള്ള മാര്‍ഗ്ഗങ്ങളായ വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസിന്റേയും, വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടേയും പ്രബോധനങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു.
വിശുദ്ധന്‍ പുരോഹിതനായിരുന്നിടത്തോളം കാലം തന്നില്‍ നിക്ഷിപ്തമായ ചുമതലകളെ സ്വര്‍ഗ്ഗീയ പിതാവ് വിശുദ്ധനെ നേരിട്ട് ചുമതലപ്പെടുത്തിയപോലെ സ്ഥിരതയോടും, ആത്മാര്‍ത്ഥതയോടും കൂടി നിര്‍വഹിച്ചു. വിശുദ്ധ കുര്‍ബ്ബാനയോടുള്ള ഭക്തി പ്രചരിപ്പിക്കുവാനായി വിശുദ്ധന്‍ തന്നേ കൊണ്ടാവുന്നതെല്ലാം ചെയ്തു. വിശുദ്ധ കുര്‍ബ്ബാന മുടക്കാതിരിക്കുവാന്‍ അദ്ദേഹം വിശ്വാസികളോട് സ്ഥിരമായി അഭ്യര്‍ത്ഥിക്കുമായിരുന്നു.
ചെറുപ്പം മുതല്‍ക്കേ തന്നെ വിശുദ്ധന് പരിശുദ്ധ മാതാവിനോട് പ്രത്യേകമായൊരു ഭക്തിയുണ്ടായിരുന്നു, മക്കളുടേതിന് സമാനമായ ഭക്തിയോടുകൂടി പരിശുദ്ധ അമ്മയെ സ്നേഹിക്കുവാന്‍ വിശുദ്ധന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടു. തന്റെ ആവേശം വിശുദ്ധന്‍ അള്‍ത്താര ശുശ്രൂഷകര്‍ക്കും പകര്‍ന്നു കൊടുത്തു; കര്‍ത്താവിനായി ആളുകളെ മാനസാന്തരപ്പെടുത്തുവാന്‍ വിശുദ്ധന്‍ അവരെ പ്രോത്സാഹിപ്പിച്ചു.
കൂടാതെ വിശുദ്ധ ജോസഫ് കഫാസോക്ക് ആത്മീയ കാര്യങ്ങളില്‍ ഏറെ ശ്രദ്ധ വെച്ചു പുലര്‍ത്തി. അനാഥര്‍ക്കും, നിര്‍ദ്ധനര്‍ക്കും, രോഗികള്‍ക്കും, തടവില്‍ കഴിയുന്നവര്‍ക്കുമായി വിശുദ്ധന്റെ ഹൃദയം തുടിച്ചു. കഠിനമായ ഒരു പ്രവര്‍ത്തിയും പൂര്‍ത്തിയാക്കാതെ വിശുദ്ധന്‍ ഒഴിവാക്കിയിരുന്നില്ല. തന്റെ ഉപദേശങ്ങളാലും, സഹായങ്ങളാലും വിശുദ്ധന്‍ തന്റെ പ്രിയ ശിക്ഷ്യനായിരുന്ന ഡോണ്‍ ബോസ്കോയെ ‘ദി സൊസൈറ്റി ഓഫ് സെന്റ് ഫ്രാന്‍സിസ്’ അഥവാ സലേഷ്യന്‍ സഭ സ്ഥാപിക്കുവാനായി പ്രോത്സാഹിപ്പിച്ചു.
വധശിക്ഷക്ക് വിധിക്കപ്പെട്ട നിര്‍ഭാഗ്യവാന്‍മാരോട് ഹൃദയത്തെ ധൈര്യപ്പെടുത്തുന്നതിനായി വിശുദ്ധന്‍ തന്നാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്തു. വിശുദ്ധന്റെ സ്നേഹം അവരുടെ പിടിവാശിയെ കീഴടക്കുകയും, അവരെ ദൈവവുമായി അടുപ്പിക്കുകയും ചെയ്തു. വിശുദ്ധന്‍ അവരെ അവരുടെ കൊലക്കളം വരെ അനുഗമിച്ചിരുന്നു, ആ മരണത്തെ നിത്യജീവനിലേക്ക് പ്രവേശിക്കുന്നതിനുള്ള താല്‍കാലിക മരണമായിട്ടാണ് വിശുദ്ധന്‍ കണക്കാക്കിയിരുന്നത്.
ഇത്തരം മഹത്തായ കാര്യങ്ങള്‍ ചെയ്യുകയും, എല്ലാവരുടേയും ആദരവിനു പാത്രമായതിനു ശേഷം 1860 ജൂണ്‍ 23ന് തന്റെ 49-മത്തെ വയസ്സില്‍, സഭാപരമായ കൂദാശകള്‍ കൊണ്ട് സ്വയം തയ്യാറെടുപ്പുകള്‍ നടത്തിയ ശേഷം വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. ജോസഫ് കഫാസോയുടെ നന്മയും, അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥത്തില്‍ നടന്നിട്ടുള്ള അത്ഭുതങ്ങളും കണക്കിലെടുത്ത്, 1925-ല്‍ പിയൂസ് പതിനൊന്നാമന്‍ പാപ്പാ വിശുദ്ധനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി. 1947-ല്‍ പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ ജോസഫ് കഫാസോയെ വിശുദ്ധനായി പ്രഖ്യാപിച്ചു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website http://pala.vision