“ലോകം മുഴുവന്‍ ഒരു സന്ന്യാസാശ്രമമാക്കി മാറ്റുകയെന്നതായിരുന്നു റോമുവാള്‍ഡിന്റെ സ്വപ്നം, ജനങ്ങളെല്ലാം ആ ആശ്രമത്തിലെ അന്തേവാസികളും!”
വി. റോമുവാള്‍ഡിന്റെ ജീവചരിത്രകാരനായ വി. പീറ്റര്‍ ഡാമിയന്‍ എഴുതുന്നു:
ഇറ്റലിയില്‍ റാവെന്നയാണ് റോമുവാള്‍ഡിന്റെ ജന്മസ്ഥലം. ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ ഇരുപതാമത്തെ വയസ്സില്‍ അച്ഛന്‍ ഒരു ബന്ധുവിനെ വധിച്ചു. ആ രംഗം കാണേണ്ടിവന്ന റോമുവാള്‍ഡിന് അതൊരു ഞെട്ടിപ്പിക്കുന്ന സംഭവം ആയിരുന്നു. അച്ഛന്‍ ചെയ്ത തെറ്റിനു പ്രായശ്ചിത്തം ചെയ്യാനായി അദ്ദേഹം റാവെന്നയ്ക്കു സമീപമുള്ള ഒരു ബനഡിക്‌ടൈന്‍ ആശ്രമത്തില്‍ ചേര്‍ന്നു. പക്ഷേ, അവിടത്തെ സന്ന്യാസികളുടെ കുത്തഴിഞ്ഞ ജീവിതം കണ്ടു മടുത്ത് 975-ല്‍ അദ്ദേഹം മാരിനസ് എന്ന സന്ന്യാസിയുടെ കൂടെക്കൂടി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം വെനീസിനടുത്തുള്ള ഒരു ആശ്രമത്തിലേക്കു അദ്ദേഹം പോയി. പിന്നീട് അവിടെനിന്ന് പിറന്നീസിലെത്തി.996-ല്‍ റോമുവാള്‍ഡ് ആദ്യം ചേര്‍ന്ന ആശ്രമത്തിന്റെ അധിപനായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ മൂന്നു വര്‍ഷത്തിനുശേഷം അദ്ദേഹം ആ സ്ഥാനം രാജിവച്ചു. പിന്നീടുള്ള 30 വര്‍ഷവും അദ്ദേഹം വിവിധ രാജ്യങ്ങളിലൂടെ അലഞ്ഞുതിരിയുകയായിരുന്നു. ഉത്തര ഇറ്റലി, തെക്കന്‍ ഫ്രാന്‍സ്, വടക്കുകിഴക്കന്‍ സ്‌പെയിന്‍ എന്നീ പ്രദേശങ്ങളെല്ലാം അദ്ദേഹം ചുറ്റി സഞ്ചരിച്ചു. അവിടെയെല്ലാം ആശ്രമങ്ങള്‍ സന്ദര്‍ശിക്കുകയും ആവശ്യമായ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. സന്ന്യാസജീവിതത്തെ ഗൗരവപൂര്‍വ്വം കാണുന്നവര്‍ക്കായി പ്രത്യേകം സംവിധാനത്തോടെയുള്ള ആശ്രമങ്ങള്‍ സ്ഥാപിക്കുന്നതിലായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ശ്രദ്ധ. അങ്ങനെ അദ്ദേഹം സ്ഥാപിച്ച ഒരു സ്ഥാപനം കമല്‍ഡോളിയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.
കാട്ടിനുള്ളില്‍ പണിതുയര്‍ത്തിയ ആ സ്ഥാപനത്തിനുള്ള സ്ഥലം ഒരു നാട്ടുകാരന്റെ സംഭാവനയായിരുന്നു. 1012-ല്‍ ഈ സ്ഥാപനത്തിന് തുടക്കമിട്ടു. ആദ്യം അഞ്ചു പര്‍ണ്ണശാലകളോടുകൂടി പടുത്തുയര്‍ത്തിയ ഈ സ്ഥാപനം “മല്‍ഡോളി കാമ്പസ്” എന്ന പേരില്‍ പ്രസിദ്ധമായി. ഒരു പുതിയ സന്ന്യാസസഭ രൂപീകരിക്കാന്‍ അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നു. എങ്കിലും ഈ പുതിയ ആശ്രമം മല്‍ഡോളി സഭയുടെ ആസ്ഥാനമായി മാറി. ബനഡിക്‌ടൈന്‍ സന്ന്യാസികളുടെയും സെനോബൈറ്റ് സന്ന്യാസികളുടെയും ഒരു സംയുക്ത സംരംഭമായി വളര്‍ന്നുവന്ന ആ സഭ പാശ്ചാത്യനാടുകളില്‍ ആദ്ധ്യാത്മിക ഉണര്‍വിനുള്ള ഊര്‍ജ്ജം പകര്‍ന്നു.
നാലു ഭിത്തികള്‍ക്കുള്ളില്‍ ഈരണ്ടു മുറികളുള്ള പര്‍ണ്ണശാലകളായിരുന്നു ഓരോ സന്ന്യാസിക്കും താമസിക്കാന്‍ നല്‍കിയിരുന്നത്. ഇതോടനുബന്ധിച്ച് ഒരു വര്‍ക്ക്‌ഷോപ്പും, ഒരു ചെറിയ പൂന്തോട്ടവുമുണ്ട്. അതിനുള്ളില്‍ നിശ്ശബ്ദവും ഏകാന്തവുമായ ഈശ്വരാരാധനയില്‍ മുഴുകി ജീവിതം സഫലമാക്കാം.
വി. റോമുവാള്‍ഡിന്റെ ജീവചരിത്രകാരനായ വി. പീറ്റര്‍ ഡാമിയന്‍ എഴുതുന്നു: “ലോകം മുഴുവന്‍ ഒരു സന്ന്യാസാശ്രമമാക്കി മാറ്റുകയെന്നതായിരുന്നു റോമുവാള്‍ഡിന്റെ സ്വപ്നം, ജനങ്ങളെല്ലാം ആ ആശ്രമത്തിലെ അന്തേവാസികളും!” അദ്ദേഹത്തിന്റെ ആശ്രമത്തിലെ നിയമങ്ങള്‍ അതികഠിനമായിരുന്നു. റൊട്ടിയും വെള്ളവും മാത്രമായിരുന്നു സന്ന്യാസികളുടെ ഭക്ഷണം.
എന്നാല്‍, നൂറ്റാണ്ടുകളുടെ തികവില്‍ നിയമങ്ങളെല്ലാം ഭേദഗതി ചെയ്യപ്പെട്ടു. 1086-നു ശേഷം കമല്‍ഡോലി കന്യാസ്ത്രീമഠങ്ങളും രൂപംകൊണ്ടു. 1466-ലാണ് വിശുദ്ധന്റെ ശവശരീരം അഴുകാത്ത സ്ഥിതിയില്‍ കണ്ടെത്തിയത്. വിശുദ്ധന്റെ കബറിടത്തിങ്കല്‍ ധാരാളം അത്ഭുതങ്ങള്‍ നടക്കുന്നുണ്ടത്രെ.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website http://pala.vision