982-ല്‍ ജെര്‍മ്മനിയിലെ ഓപ്പര്‍ഷോഫെനിലെ കുലീന കുടുംബത്തിലാണ് വിശുദ്ധ ബാര്‍ഡോ ജനിച്ചത്. വിശുദ്ധന്‍ വിദ്യാഭ്യാസത്തിന്‍റെ ആദ്യ പാഠങ്ങള്‍ പഠിച്ചത് ഒരു വയസ്സായ സ്ത്രീയില്‍ നിന്നുമായിരുന്നു. അവര്‍ വിശുദ്ധനെ തന്‍റെ മടിയിലിരിത്തി അക്ഷരങ്ങളും, സങ്കീര്‍ത്തനങ്ങള്‍ വായിക്കുവാന്‍ പഠിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷവും ആ വൃദ്ധ തനിക്ക് നല്‍കിയ നന്മയെ വിശുദ്ധന്‍ ഓര്‍മ്മിക്കുകയും അവരുടെ സംരക്ഷണത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു. ഫുള്‍ഡായിലായിരുന്നു വിശുദ്ധന്‍റെ ശേഷിച്ച വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അവിടെ വെച്ച് വിശുദ്ധന്‍ ബെനഡിക്ടന്‍ സഭാവസ്ത്രം സ്വീകരിക്കുകയും സ്ഥലത്തെ സര്‍വ്വകലാശാലയിലെ ഒരു അദ്ധ്യാപകനായി തീരുകയും ചെയ്തു. 1029-ല്‍ വിശുദ്ധന്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചതിനു ശേഷം ചക്രവര്‍ത്തിനിയുമായുള്ള കുടുംബപരമായ ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ ബാര്‍ഡോ വെര്‍ഡെനാം റൂറിലെ ആശ്രമാധിപനായി നിയമിതനായി.
ഒരിക്കല്‍ വിശുദ്ധന്‍ രാജധാനിയിലായിരിക്കെ മെയിന്‍സിലെ മെത്രാപ്പോലീത്ത, ബാര്‍ഡോയുടെ കയ്യില്‍ അധികാര വടി കാണുവാനിടയായി. ഇതുകണ്ട മെത്രാപ്പോലീത്ത ഇപ്രകാരം പറഞ്ഞു “ആശ്രമാധിപ, ഞാന്‍ വിചാരിക്കുന്നത് ആ വടി നിങ്ങളുടെ കയ്യിലിരിക്കുന്നതിലും നല്ലത് എന്‍റെ കയ്യിലിരിക്കുന്നതായിരിക്കും എന്നാണ്” ഇതിനു ബാര്‍ഡോ ഇപ്രകാരം മറുപടി കൊടുത്തു “അങ്ങ് അപ്രകാരമാണ് ചിന്തിക്കുന്നതെങ്കില്‍ അങ്ങയെ സംബന്ധിച്ചിടത്തോളം ഇത് ലഭിക്കുക അത്ര ബുദ്ധിമുട്ടേറിയ കാര്യമല്ല”.
തിരികെ തന്‍റെ താമസസ്ഥലത്തെത്തിയ വിശുദ്ധന്‍ തന്‍റെ ദാസനെ വിളിച്ച് ആ വടിയും, മറ്റ് പദവിമുദ്രകളും നല്‍കിയിട്ട് അവയെല്ലാം മെത്രാപ്പോലീത്തക്ക് സമ്മാനമായി നല്‍കുവാന്‍ പറഞ്ഞു. 1031-ല്‍ അദ്ദേഹം ഹെര്‍സ്ഫെല്‍ഡിലെ ആശ്രമാധിപനായി, കൂടാതെ മെയിന്‍സിലെ മെത്രാപ്പോലീത്തയുടെ പിന്‍ഗാമിയായി നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും മെത്രാപ്പോലീത്തയെന്ന നിലയില്‍ നിര്‍ഭാഗ്യകരമായ ഒരു തുടക്കമായിരുന്നു അദ്ദേഹത്തിന്‍റേത്.
ഒരു ക്രിസ്തുമസ് ദിവസം രാവിലെ ചക്രവര്‍ത്തിക്ക് മുന്‍പാകെ സുവിശേഷം പ്രസംഗിക്കുമ്പോള്‍ തന്‍റെ രോഗം കൊണ്ടോ അതോ സഭാകമ്പം കൊണ്ടോ വിശുദ്ധന് നല്ലവണ്ണം പ്രസംഗിക്കുവാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തെ കേട്ട് നിന്നവര്‍ ഏറെ മോശമായി സംസാരിക്കുവാന്‍ തുടങ്ങി. ജര്‍മ്മനിയിലെ ഏറ്റവും പ്രധാനപ്പെട്ട രൂപതയിലെ മെത്രാനായി, ഒരു അറിവില്ലാത്ത ആളെ നിയമിച്ചത് തെറ്റായിപോയെന്ന് ചക്രവര്‍ത്തിക്കും തോന്നി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ബാര്‍ഡോക്ക് വീണ്ടും ചക്രവര്‍ത്തിയുടെ മുന്‍പില്‍ സുവിശേഷം പ്രസംഗിക്കേണ്ടതായി വന്നു.
അദ്ദേഹത്തിന്‍റെ കൂട്ടുകാര്‍ വിശുദ്ധനെ വിലക്കിയെങ്കിലും വിശുദ്ധന്‍ ഇപ്രകാരമാണ് പറഞ്ഞത് “എല്ലാ മനുഷ്യര്‍ക്കും അവരുടേതായ ഭാരങ്ങള്‍ ചുമക്കേണ്ടതായി വരും” എന്നാണ്. അതിനു ശേഷം അദ്ദേഹം തന്‍റെ അഗ്നിപരീക്ഷയെ നേരിട്ടു. ഇപ്രാവശ്യം വിശുദ്ധന്‍ വളരെ ഉത്സാഹത്തോടും ആവേശത്തോടും കൂടിയാണ് തന്‍റെ പ്രസംഗം നടത്തിയത്. ഇതില്‍ സന്തുഷ്ടനായ ചക്രവര്‍ത്തി തന്‍റെ അത്താഴത്തിനിരുന്നപ്പോള്‍ “മെത്രാപ്പോലീത്ത എന്‍റെ വിശപ്പ് ശമിപ്പിച്ചിരിക്കുന്നു” എന്ന് പറയുകയുണ്ടായി.
പദവികള്‍ ഉണ്ടായിരിന്നെങ്കിലും തന്‍റെ അവസാനം വരെ ഒരു സന്യാസിയുടേതായ ലാളിത്യത്തിലായിരുന്നു വിശുദ്ധന്‍ ജീവിച്ചിരുന്നത്. വളരെ കര്‍ക്കശമായ ജീവിതരീതിയായിരുന്നു അദ്ദേഹം അനുവര്‍ത്തിച്ചിരിന്നത്. അതിനാല്‍ തന്നെ വിശുദ്ധ ലിയോ ഒമ്പതാമന്‍ പാപ്പാ ജീവിത കാര്‍ക്കശ്യത്തില്‍ കുറച്ച് ഇളവ് വരുത്തുവാന്‍ വിശുദ്ധനോട് ഉപദേശിക്കുക വരെയുണ്ടായി. പാവങ്ങളോടും, അഗതികളോടും, മൃഗങ്ങളോടുമുള്ള വിശുദ്ധന്‍റെ സ്നേഹം പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. പക്ഷികളുടെ വലിയൊരു സംരക്ഷകനായിരുന്നു വിശുദ്ധന്‍ അപൂര്‍വ്വം ഇനത്തില്‍പ്പെട്ട പക്ഷികളെ വിശുദ്ധന്‍ ശേഖരിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്തു. കൂടാതെ തന്‍റെ സ്വന്തം പാത്രത്തില്‍ നിന്നും ഭക്ഷിക്കുവാന്‍ അവയെ പരിശീലിപ്പിക്കുകയും ചെയ്തു.
തന്‍റെ രൂപതയില്‍ വിശുദ്ധ ബാര്‍ഡോ വളരെ കര്‍മ്മോത്സുകനായിരുന്ന അജപാലകനായിരുന്നു. പ്രധാന പുരോഹിതനും, തന്‍റെ കുഞ്ഞാടുകളെ സംബന്ധിച്ചിടത്തോളം ഒരു യഥാര്‍ത്ഥ പിതാവുമായിരുന്നു വിശുദ്ധന്‍. വിശുദ്ധ മാര്‍ട്ടിന്‍റെ നാമധേയത്തിലുള്ള വലിയ കത്രീഡലിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് വിശുദ്ധനാണ്. നിരവധി ആളുകളെ വിശുദ്ധന്‍ തെറ്റായതും, കാഠിന്യമേറിയതുമായ ശിക്ഷാവിധികളില്‍ നിന്നും സംരക്ഷിച്ചിട്ടുണ്ട്.
മദ്യപാനം തുടങ്ങിയ ദുശീലങ്ങളെ വിശുദ്ധ ബാര്‍ഡോ അതിയായി വെറുത്തിരുന്നു. ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ ആത്മനിയന്ത്രണത്തിന്‍റെയും, അച്ചടക്കത്തിന്‍റെയും, ക്ഷമയുടേയും ആവശ്യകതയെ കുറിച്ച് വിശുദ്ധന്‍ ഉപദേശിക്കുമായിരുന്നു. 1053-ല്‍ മെയിന്‍സില്‍ വെച്ച് അദ്ദേഹം കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. ആഗോള കത്തോലിക്ക സഭ ജൂണ്‍ 10നു വിശുദ്ധന്‍റെ ഓര്‍മ്മ തിരുനാളായി ആഘോഷിക്കുന്നു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website http://pala.vision