പാലാ: പാലാ നഗരസഭയിലെ 21-ാം വാർഡായ വെള്ളപ്പാട് വാർഡിന്റെ പ്രതിനിധി എന്ന നിലയിൽ വൻ വികസനപ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞതായി കൗൺസിലർ വി.സി. പ്രിൻസ് പറഞ്ഞു. മീഡിയ അക്കാദമി സംഘടിപ്പിച്ച ‘എന്റെ നാട് എന്റെ നാടിൻ്റെ വികസനം’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർഡിൽ സ്ഥിതി ചെയ്യുന്ന ജനറൽ ആശുപത്രി, ഹോമിയോ ആശുപത്രി, വെയർഹൗസിംഗ് അതോറിറ്റി എന്നിവയിൽ എം.എൽ.എ ഫണ്ടും കേന്ദ്ര സർക്കാർ ഫണ്ടും ഉപയോഗിച്ച് വലിയ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ കഴിഞ്ഞു.
സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ
അർഹരായവർക്കെല്ലാം പെൻഷൻ, വിധവാ പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമാക്കി. കിടപ്പുരോഗികൾക്കും വീടുകളുടെ അറ്റകുറ്റപ്പണികൾക്കും സർക്കാർ ഫണ്ടുകൾ ഉറപ്പാക്കി. വെള്ളപ്പാട് തോടിന്റെ ഇരുവശങ്ങളും കെട്ടി സംരക്ഷിച്ചത് വഴി ജലനിർഗ്ഗമനം സുഗമമാക്കി.
വ്യാപാരികൾക്കും കായികരംഗത്തും
യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ വ്യാപാരികളുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. എസ്.എം.എസ്സിന് പോലും ചാർജ് ഈടാക്കുന്ന ബാങ്കുകളുടെ നടപടിക്കെതിരെ സമരമുഖങ്ങൾ തുറന്നു.
ദേശീയ കായികവേദി ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ 15 ലക്ഷം രൂപ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വോളിബോൾ കോർട്ട് നിർമ്മിക്കുകയും അതിനു ചുറ്റും വേലി കെട്ടി സംരക്ഷിക്കുകയും ചെയ്തു. കായികരംഗത്തും ഇത് വലിയ സംഭാവനയാണെന്ന് വി.സി. പ്രിൻസ് കൂട്ടിച്ചേർത്തു.












