മൃദംഗവിഷന് ജിസിഡിഎ കലൂർ സ്റ്റേഡിയം വിട്ട് നൽകിയതിൽ അഴിമതിയെന്ന പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്. വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകി മൂന്ന് മാസം ആയിട്ടും മറുപടിയില്ല.
ഉമാ തോമസ് എംഎൽഎ വീണ് പരുക്കേൽക്കാനിടയായ നൃത്തപരിപാടിക്കായി മൃദംഗ വിഷന് ജിസിഡിഎ സ്റ്റേഡിയം നൽകിയതിൽ അഴിമതിയെന്നായിരുന്നു ആക്ഷേപം. ആരോപണങ്ങളിൽ ജിസിഡിഎക്കെതിരെ കൂടുതൽ അന്വേഷണം വേണമെന്ന നിലപാട് അന്വേഷണ സംഘം എടുത്തിരുന്നു.
ജനുവരിയിൽ മിന്നൽ പരിശോധനക്കൊടുവിലാണ് വിശദമായ അന്വേഷണം നടത്തേണ്ടതാണെന്ന് വിജിലൻസ് കണ്ടെത്തിയത്. എസ്റ്റേറ്റ് വിഭാഗം എതിർത്തിട്ടും മൃദംഗ വിഷന് കലൂർ സ്റ്റേഡിയം അനുവദിച്ചത് ജിസിഡിഎ ചയർമാൻ കെ.ചന്ദ്രൻപിള്ളയുടെ ഇടപെടലിലെന്ന് സൂചിപ്പിക്കുന്ന രേഖകൾ അന്ന് പുറത്തുവന്നിരുന്നു.












