പാലാ: ജനജീവിതം ദുസ്സഹമാകുംവിധം വന്യമൃഗ ശല്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിയന്ത്രിത നായാട്ട് അനിവാര്യമാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം ഏറെ വിലമതിക്കുന്നതും മലയോര കർഷകർക്ക് പ്രത്യാശ പകരുന്നതുമാണെന്ന് കർഷക യൂണിയൻ (എം) സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡാൻ്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു.
വനത്തിനു വെളിയിൽ കടന്നുവന്ന് ജനങ്ങളുടെ ജീവനും വസ്തുവകകളും നശിപ്പിക്കുന്ന വന്യമൃഗങ്ങളെ പ്രത്യേക അനുമതികൾക്ക് കാത്തു നിൽക്കാതെ ഇല്ലാതാക്കാനും ഭക്ഷ്യയോഗ്യമായ മാംസവും മറ്റും നശിപ്പിച്ചുകളയാതെ ജനങ്ങൾക്ക് ലഭ്യമാക്കാനുമുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. കർഷക യൂണിയൻ (എം) പാലാ നിയോജക മണ്ഡലം നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു.
പ്രസിഡൻ്റ് അപ്പച്ചൻ നെടുംമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ജോസഫ്, ട്രഷറർ ജോയി നടയിൽ , ജില്ലാ സെക്രട്ടറി മോൻസ് കുമ്പളന്താനം, നിയോജകമണ്ഡം ജനറൽ സെക്രട്ടറി കെ. ഭാസ്കരൻ നായർ,ടോമി തകിടിയേൽ, ജയ്സൺ ജോസഫ്, ഷാജി കൊല്ലിത്തടം, ജോണി ഇടക്കര, ബെന്നി വട്ടക്കോട്ടയിൽ, ഫിലിപ്പ് കുന്നത്ത് പുരയിടം, രാജൻ കൊട്ടാരത്തിൽ, ടോമി തൊണ്ടി യാനിയിൽ, ജോസഫ് കൂട്ടുങ്കൽ, അബുമാത്യു തുടങ്ങിയർ പ്രസംഗിച്ചു.