കോട്ടയം: ഞീഴൂർ ഗ്രാമപഞ്ചായത്തിൽ 1.59 കോടി രൂപ ചെലവിട്ടു നിർമിക്കുന്ന കാട്ടമ്പാക്ക് കുടുംബാരോഗ്യകേന്ദ്രം പൂർത്തീകരണത്തിലേക്ക്. ഗ്രാമപഞ്ചായത്തിൽനിന്ന് 89 ലക്ഷം രൂപയും ദേശീയാരോഗ്യദൗത്യത്തിൽനിന്നു 46 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിൽനിന്ന് 24 ലക്ഷം രൂപയും ഉപയോഗിച്ചാണു നിർമാണം. ജില്ലാപഞ്ചായത്തിൽനിന്ന് 20 ലക്ഷം രൂപ ശൗചാലയ നിർമാണത്തിനായും നൽകിയിട്ടുണ്ട്.
5049 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമിക്കുന്നത്. തറയിൽ ടൈലുകൾ പാകുന്നതും പെയിന്റിംഗും നടന്നുവരികയാണ്. സെപ്റ്റംബർ ആദ്യത്തോടെ നിർമാണം പൂർത്തിയാകുമെന്ന് ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപും വൈസ് പ്രസിഡന്റ് കെ.പി. ദേവദാസും പറഞ്ഞു.
നിലവിൽ പ്രാഥമികാരോഗ്യകേന്ദ്രമായ ഇവിടെ രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ രണ്ട് ഡോക്ടർമാരുടെ സേവനമാണ് ലഭിക്കുന്നത്. കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നതോടെ രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറുവരെ മൂന്ന് ഡോക്ടർമാരുടെ സേവനം ലഭിക്കും. ഫാർമസി സ്റ്റോർ, ആധുനികരീതിയിലുള്ള ഒ.പി. കൗണ്ടർ, രണ്ട് പരിശോധനാ മുറികൾ, നഴ്‌സിംഗ് സ്റ്റേഷൻ, ഡ്രസിംഗ് റൂം, പരിരക്ഷാ റൂം, ആധുനിക ലാബ് സൗകര്യം, കാത്തിരിപ്പുസ്ഥലം, ഒബ്‌സർവേഷൻ റൂം, മുലയൂട്ടൽ മുറി, ജീവനക്കാർക്കും രോഗികൾക്കും ശൗചാലയം തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ മന്ദിരത്തിൽ ഒരുക്കിയിരിക്കുന്നത്.
