കടുത്തുരുത്തി: ചുമതലപെടുത്തിയിരിക്കുന്ന കാര്യങ്ങളില്‍ മാത്രം പോലീസ് ഇടപെട്ടാല്‍ മതിയെന്നും കോടതികളില്‍ തീര്‍ക്കേണ്ട വിഷയങ്ങള്‍ പോലീസ് കൈകാര്യം ചെയ്യാന്‍ പാടില്ലെന്നും മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. വസ്തു ഇടപാടുമായി ബന്ധപെട്ടുണ്ടായ സാമ്പത്തികതര്‍ക്കം പരിഹരിക്കാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ കടുത്തുരുത്തി പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോലീസിന് നിയമപരമായി അധികാരമില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഞീഴൂര്‍ മടത്തിപറമ്പ് കൂവംപറമ്പില്‍ സ്റ്റീഫന്‍ ചാണ്ടി (51)ആണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ സ്റ്റേഷനില്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പോലീസിന്റെ ഭീഷണിയും സമ്മര്‍ദ്ധവുമാണ് സ്റ്റീഫന്‍ കുഴഞ്ഞ് വീഴാനിടയാക്കിയതെന്നും ഇതാണ് മരണത്തിലേക്ക് വഴിവച്ചതെന്നും ആരോപിച്ചായിരുന്നു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് മാര്‍ക്കറ്റ് ജംഗ്ഷന്‍ ചുറ്റി ഞീഴൂര്‍ റോഡില്‍ പോലീസ് സ്റ്റേഷന് 100 മീറ്റര്‍ അകലത്തില്‍ പോലീസ് ബാരിക്കേഡ് വച്ചു മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ പോലീസിനെതിരെ മുദ്രാവാക്കി വിളികള്‍ ഉയര്‍ത്തുകയും പോലീസിനെ തള്ളി മാറ്റാന്‍ ശ്രമിക്കുകയും ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ചതും നേരിയ സംഘര്‍ഷത്തിനിടയാക്കി.
തുടര്‍ന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് നേതാക്കളായ സുനു ജോര്‍ജ്, എം.എന്‍. ദിവാകരന്‍ നായര്‍, ബ്ലോക്ക് പ്രസിഡന്റ് ജെയിംസ് പുല്ലാപ്പള്ളി, എം.കെ. സാംബുജി, ടോമി പ്രാലടി, സുബിന്‍ മാത്യു, ബിനോ സ്‌കറിയ, ശ്രീലേഖ മണിലാല്‍, ശരത് ശശി, എന്‍.മണിലാല്‍, നോബി മുണ്ടയ്ക്കല്‍, ജെറി കണിയാംപറമ്പില്‍, ജെയ്‌സണ്‍ മണലേല്‍, കെ.പി. വിനോദ്, രാജു മൂപ്പനത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.













