ചങ്ങനാശേരി അതിരൂപതയുടെ മുൻ അധ്യക്ഷനായ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മലങ്കര കത്തോലിക്കാ സഭയുടെ തലവനായ കർദ്ദിനാൾ ബസേലിയസ് ക്ലീമിസ്. ഏവർക്കും പ്രിയങ്കരനായ അഭിവന്ദ്യ ആർച്ചുബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ പിതാവ് ഇനി സ്വർഗ്ഗീയ പിതാവിന്റെ ഭവനത്തിൽ നിത്യവിശ്രമത്തിലാണ്. ദൈവം ഏൽപ്പിച്ച പൗരോഹിത്യ ഇടയ ശുശ്രൂഷ വിശ്വസ്തതയോടെ സമർപ്പണത്തിൽ എല്ലാം കാഴ്ചവെച്ച് തന്റെ യജമാനന്റെ പക്കലേക്ക് ഈ മഹാപുരോഹിതൻ യാത്രയായിരിക്കുന്നു.
ഭാരത സഭക്കും കേരള സഭക്കും സീറോമലബാർ സഭക്കും വിശിഷ്യ ചങ്ങനാശ്ശേരി അതിരൂപതക്കും ശ്രദ്ധേയമായ നേതൃത്വവും സാക്ഷ്യവും നൽകിയാണ് ഈ മഹാപുരോഹിതൻ യാത്രയാവുക. തന്റെ അഭിപ്രായങ്ങളോട് പൊരുത്തമില്ലാത്ത-ഇഷ്ടപ്പെടാത്തവർ പോലും പിതാവ് ആ വിഷയത്തിൽ എന്താണ് പറയുന്നത് എന്നറിയുവാൻ പ്രത്യേകം അവർ ശ്രദ്ധിച്ചിരുന്നു. അത് പിതാവിന്റെ മനസ്സ് വായിച്ചറിയുന്നതിന് സഭയുടെ പ്രബോധനങ്ങളോട് ചേർന്ന് ആ വിഷയത്തിൽ സഭയുടെ സമീപനങ്ങളെ മനസ്സിലാക്കുന്നതിന് വേണ്ടിയാണ്. ഈ പിതാവുമായി അടുത്തിടപഴകുന്നതിനും അദ്ദേഹത്തിന്റെ സ്നേഹവും വാത്സല്യവും അനുഭവിക്കുന്നതിനുമെല്ലാം ഇടയായതിൽ ദൈവത്തോട് നന്ദി പറയുന്നു. അദ്ദേഹത്തിന്റെ ലളിതപൂർണ്ണമായ ഒരു ജീവിതശൈലിയും,പൗരസ്ത്യസഭാ ദർശനങ്ങളും,രാഷ്ട്രനിർമ്മിതിയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സമർപ്പണവും പങ്കും ഭാഗധേയവുമെല്ലാം മനസ്സിലാക്കി തലമുറകൾക്ക് വെളിച്ചമായി നിന്ന ഈ വലിയ മനുഷ്യന്റെ മുമ്പിൽ തികഞ്ഞ നന്ദിയോടും ആദരവോടും കൂടെ ശിരസ്സ് നമിച്ച് കരങ്ങൾ കൂപ്പി “ഭാഗ്യവാനായ പിതാവേ അങ്ങ് സമാധാനത്താലേ പോവുക “എന്ന പ്രാർത്ഥനയുമായി ഞാനും മലങ്കര സുറിയാനി കത്തോലിക്കാ സഭയും നിൽക്കട്ടെ.
watch : https://youtu.be/_v341B9HFeU
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision