രാമപുരം: സീറോ മലബാര്‍ സഭയുടെ സമുദായ ശക്തീകരണ വര്‍ഷാചരണത്തിന്റെ ഭാഗമായി സമുദായ സമ്മേളനം രാമപുരത്ത് സംഘടിപ്പിച്ചു. പാറേമ്മാക്കല്‍ തോമാക്കത്തനാരുടെ 227-ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും പാറേമ്മാക്കല്‍ തോമാക്കത്തനാരുടെയും കബറിടങ്ങളില്‍ നിന്നുള്ള ദീപശിഖകള്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഏറ്റുവാങ്ങി. ഇരുവരുടെയും കുടുംബങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ദീപശിഖ കൈമാറിയത്. സഭയ്ക്കും നാടിനും നല്കിയ അവരുടെ മഹത്തായ സേവനങ്ങളെ അനുസ്മരിച്ചാണ് ദീപശിഖായാത്ര സംഘടിപ്പിച്ചത്.
സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെ മുദ്രാവാക്യം വിളിക്കാത്ത വിപ്ലവകാരിയെന്നു വിശേഷിപ്പിച്ചു. സമൂഹത്തിന്റെയും സഭയുടെയും നവോത്ഥാനത്തിനായി ശാന്തമായും ഉറച്ച നിലപാടുകളോടെയും പ്രവര്‍ത്തിച്ച മഹാനായിരുന്നു കുഞ്ഞച്ചന് എന്ന് അദ്ദേഹം പറഞ്ഞു. രാമപുരം പ്രദേശം സഭയുടെ ചരിത്രത്തില്‍ വലിയ പ്രാധാന്യമുള്ള കേന്ദ്രമാണെന്നും വിവിധ മതസ്ഥരുടെ സഹകരണവും സൗഹൃദവും ഈ നാടിന്റെ പ്രത്യേകതയാണെന്നും ബിഷപ്പ് പറഞ്ഞു.
ഇന്നത്തെ സാഹചര്യത്തില്‍ സമര്‍ത്ഥരായ പല യുവാക്കളും ചെറിയ വിദ്യാഭ്യാസം നേടി വിദേശരാജ്യങ്ങളിലേക്ക് പോയി ചെറിയ ജോലികള്‍ ചെയ്യുന്നതിനാല്‍ അവരുടെ ബൗദ്ധികവും ആത്മീയവുമായ കഴിവുകള്‍ നഷ്ടപ്പെടുത്തുന്ന പ്രവണത വര്‍ധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഭയ്ക്കും പള്ളികള്‍ക്കായി പതിറ്റാണ്ടുകളോളം അധ്വാനിച്ച കാപ്യരച്ചന്മാരുടെ സേവനം ആദരിക്കപ്പെടേണ്ടതാണെന്നും, അവരുടെ ചിത്രങ്ങള്‍ സങ്കീര്‍ത്തിയില്‍ സ്ഥാപിക്കാന്‍ വൈദികര്‍ ധൈര്യം കാണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ അവസരത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനം ചെയ്തു.
രാമപുരം ഫൊറോനാപ്പള്ളി വികാരി വെരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം, പാലാ രൂപത മദ്യവിരുദ്ധ സമിതി ഡയറക്ടർ റവ. ഫാ. ജോസഫ് വെള്ളമരുതുങ്കൽ, DCMS പാലാ രൂപത പ്രസിഡന്റ് ശ്രീ. ബിനോയി ജോൺ അമ്പലംകട്ടയിൽ, മാതൃവേദി പാലാ രൂപത പ്രസിഡന്റ് ശ്രീമതി ഷേർലി ചെറിയാൻ മണ്ടപത്തിപറമ്പിൽ, പാലാ രൂപത സിഞ്ചെല്ലൂസ് മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, രാമപുരം സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷീബ ബിനോയി പള്ളിപ്പറമ്പിൽ, രാമപുരം ഫൊറോന പള്ളി കൈക്കാരൻ ശ്രീ. സജി മിറ്റത്താനിക്കൽ എന്നിവർ പ്രസംഗിച്ചു.















