രാമപുരം: പൂക്കളമിട്ടും സദ്യയൊരുക്കിയും മാത്രമല്ല, വൈവിധ്യമാർന്ന ഓണക്കളികളും മത്സരങ്ങളുമൊരുക്കി രാമപുരം സെൻ്റ് ഹെർമിൻസ് എൽ.പി. സ്കൂളിലെ ഓണാഘോഷം വ്യത്യസ്തമായി. കുട്ടികളും മാതാപിതാക്കളും ഒരേ മനസ്സോടെ പങ്കെടുത്ത ആഘോഷങ്ങൾ ശ്രദ്ധേയമായി.
കസേരകളി, ബോൾ പാസിങ്, വടംവലി തുടങ്ങിയ ഓണക്കളികളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. കുട്ടികളോടൊപ്പം മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം രക്ഷിതാക്കളും പങ്കുവെച്ചു. സ്കൂൾ മാനേജ്മെൻ്റിൻ്റെയും പി.ടി.എ.യുടെയും നേതൃത്വത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങളും വിതരണം ചെയ്തു. പൂക്കളവും മാവേലിത്തമ്പുരാനും മലയാളി മങ്കയുമെല്ലാം കുട്ടികൾക്ക് കൗതുകം പകർന്നു. സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ജുവാനി കുറുവച്ചിറ, രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് ലിസമ്മ മത്തച്ഛൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസാ മാത്യു, പി.ടി.എ. പ്രസിഡൻ്റ് ദീപു സുരേന്ദ്രൻ, എം.പി.ടി.എ. പ്രസിഡൻ്റ് ഡോണ, പി.ടി.എ. അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.