ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ സ്കൂൾ നൂറാം വർഷത്തിലേക്ക് കടക്കുന്നു. ചെമ്മലമറ്റം പ്രദേശത്തിന് അഭിമാനമായി നില കൊള്ളുന്ന സരസ്വതീക്ഷേത്രമാണ് ലിറ്റിൽ ഫ്ളവർ ഹൈസ്‌കൂൾ. ചെമ്മലമറ്റം ഇടവകയിലെ പൂർവ്വകാലവൈദിക ശ്രേഷ്ഠരുടെ ദീർഘവീക്ഷണവും ജനങ്ങളുടെ സഹകരണ മനോഭാവവുമാണ് ഈ സ്‌കൂളിൻ്റെ രൂപീകരണത്തിനും നാളിതുവരെയുള്ള പുരോഗതിക്കും അടിസ്ഥാനം.
1926-ൽ പറയിടത്തിൽ യൗസേപ്പച്ചൻ്റെ നേതൃത്വത്തിലാണ് പ്രൈമറി സ്‌കൂളായി ഈ വിദ്യാ ലയം പ്രവർത്തനമാരംഭിച്ചത്.
ബഹുമാനപ്പെട്ട ജോസഫ് പടന്നമാക്കലച്ചൻ്റെ ശ്രമഫലമായി 1979-ൽ യു.പി. സ്‌കൂളായി ഉയർന്നു. വെട്ടിക്കൽ തോമസച്ചൻ മാനേജരായിരുന്ന കാലത്ത്1983 ജൂൺ മാസത്തിൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു.
ഈരാറ്റുപേട്ട – കാഞ്ഞിരപ്പളളി റോഡിൽ പ്രൗഢിയോടെ ശിരസ്സുയർത്തി നിൽക്കുന്ന വിദ്യാലയം അറിവിന്റെ വെളിച്ചം തലമുറകൾക്ക് പകർന്നു നൽകിക്കൊണ്ടിരിക്കുന്നു. 1-ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സ് വരെ ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിലായി ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. എസ്.എസ്.എൽ.സി. പരീക്ഷയിൽ തുടർച്ചയായി 100% വിജയം ലഭിച്ചുകൊണ്ടിരിക്കുന്നു. കല, കായിക, ശാസ്ത്രമേളയിൽ ചെമ്മലമറ്റം സ്കൂൾ എന്നും മുൻപന്തിയിലാണ്.
സംസ്ഥാന മത്സരങ്ങളിലും ദേശീയ മത്സരങ്ങളിലും സ്കൂളിലെ കുട്ടികൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുന്നു. ഇന്ത്യാ ഗവൺമെൻ്റിൻ്റെ എ.ടി.എൽ തിങ്കറിംഗ് ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു. ഡൽഹിയിൽ നടന്ന ഇന്നവേഷൻ മാരത്തോണിൽ സ്കൂളിലെ കുട്ടികൾ തങ്ങളുടെ ആശയം അവതരിപ്പിക്കുകയും ഒന്നര ലക്ഷം രൂപ നേടിയെടുക്കുകയും ചെയ്തു. രൂപതയിലെയും ജില്ലാ പഞ്ചായത്തിന്റെയും മികച്ച ഹരിത വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇന്ന് – വെള്ളി -ഉച്ചകഴിഞ്ഞ് 3.30 ന് പാരിഷ് ഹാളിൽ നടക്കുന്ന ശതാബ്ദി ഉദ്ഘാടനം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. മാനേജർ ഫാ.സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കും. കോർപ്പറേറ്റ് സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ മുഖ്യപ്രഭാഷണം നടത്തും. തിടനാട് പഞ്ചായത്ത് പ്രസിഡൻറ് സ്കറിയാച്ചൻ പൊട്ടനാനി, ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ്, പിടിഎ പ്രസിഡൻറ് ഷെറിൻ കുര്യാക്കോസ് തയ്യിൽ എന്നിവർ പ്രസംഗിക്കും.