പുതുപ്പള്ളി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ പര്യടനം ശക്തമാക്കുന്നു. പ്രചാരണത്തിന്റെ ഭാഗമായി അദ്ദേഹം പുമ്മറ്റം വീസ് വാലി വില്ല സന്ദർശിച്ചു. വില്ലയിലെ താമസക്കാരെയും കുടുംബാംഗങ്ങളെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കാനാണ് അദ്ദേഹം എത്തിയത്.
വളരെ ലളിതമായ ശൈലിയിൽ ഓരോ വീടുകളിലും കയറി വോട്ടർമാരോട് സംസാരിച്ച സ്ഥാനാർത്ഥിക്ക് ഊഷ്മളമായ സ്വീകരണമാണ് പുമ്മറ്റത്ത് ലഭിച്ചത്. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നതിനും തനിക്ക് അവസരം നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹവും ബഹുമാനവും ഇന്നും കാത്തുസൂക്ഷിക്കുന്ന വോട്ടർമാർ വലിയ ആവേശത്തോടെയാണ് ചാണ്ടി ഉമ്മനെ വരവേറ്റത്.
വില്ലയിലെ മുതിർന്നവരോടും യുവാക്കളോടും മണ്ഡലത്തിലെ വികസന കാഴ്ചപ്പാടുകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പ്രാദേശിക യുഡിഎഫ് നേതാക്കളും പ്രവർത്തകരും സ്ഥാനാർത്ഥിക്കൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.















