കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ചാണ്ടി ഉമ്മൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർക്കാർ അനാസ്ഥയെത്തുടർന്ന് മരണപ്പെട്ട വേണുവിന്റെ ഭാര്യ സിന്ധുവിന് പന്മന മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമാഹരിച്ചു നൽകിയ തുക കെട്ടിവെച്ചാണ് ചാണ്ടി ഉമ്മൻ മത്സരരംഗത്തേക്ക് ഔദ്യോഗികമായി കടക്കുന്നത്.
സർക്കാർ അവഗണനയുടെയും സാധാരണക്കാരന്റെ പ്രയാസങ്ങളുടെയും പ്രതീകമായി സിന്ധുവിൽ നിന്ന് കൈപ്പറ്റിയ ഈ തുക ചാണ്ടി ഉമ്മന് ഏറെ വൈകാരികമായ ഒന്നാണ്.
യാത്രാ പരിപാടികൾ ഇങ്ങനെ:
പത്രികാ സമർപ്പണത്തിന് മുന്നോടിയായി വിവിധ ആരാധനാലയങ്ങളിൽ സന്ദർശനം നടത്തി അദ്ദേഹം അനുഗ്രഹം തേടും:
- രാവിലെ 09:00: മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ, ശ്രീ ഭഗവതി ക്ഷേത്രം, പാമ്പാടി മാർ കുര്യാക്കോസ് ദയറ, വെണ്ണിമല ശ്രീരാമ ലക്ഷ്മണ ക്ഷേത്രം എന്നിവിടങ്ങളിൽ പ്രാർത്ഥന.
- രാവിലെ 10:30: പുതുപ്പള്ളി എം.എൽ.എ ഹൗസിൽ എത്തിച്ചേരും.
- രാവിലെ 10:40: പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലും പിതാവ് ഉമ്മൻചാണ്ടിയുടെ കബറിടത്തിലും പ്രണാമം അർപ്പിക്കും.
- തുടർന്ന്: കോട്ടയം തിരുനക്കരയിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന.
പത്രികാ സമർപ്പണം
തിരുനക്കരയിൽ നിന്നും പ്രവർത്തകർക്കൊപ്പം കാൽനടയായി സഞ്ചരിച്ച് ഉച്ചയ്ക്ക് 12:10-ഓടെ കോട്ടയം താലൂക്ക് ഓഫീസിൽ ആർ.ഡി.ഒ മുൻപാകെ അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കും.
സാധാരണക്കാരുടെ പ്രശ്നങ്ങളെ നെഞ്ചിലേറ്റുന്ന ഒരു ജനപ്രതിനിധിയാകും താനെന്ന വലിയ സന്ദേശമാണ് സിന്ധുവിൽ നിന്ന് സ്വീകരിച്ച തുകയിലൂടെ ചാണ്ടി ഉമ്മൻ നൽകുന്നത്.














