വെടിനിർത്തൽ ലംഘിച്ച് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. ആക്രമണത്തിൽ ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹയ്കം അലി തബാതബയി അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരുക്കേറ്റു. യുഎസ് ട്രഷറി 2016ൽ ഭീകരനായി പ്രഖ്യാപിച്ചയാളാണ് തബാതബായി.
ഹരേത് ഹ്രെയ്ക് മേഖലയിലെ കെട്ടിടത്തിൽ മൂന്ന് മിസൈലുകളാണ് പതിച്ചത്. ആക്രമണ വിവരം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് സ്ഥിരീകരിച്ചു. അമേരിക്കയുടെ മധ്യസ്ഥതയിൽ ഒരു വർഷം മുൻപ് ഒപ്പുവച്ച വെടിനിർത്തൽ കാരാർ നിലനിൽക്കെ ആണ് ബെയ്റൂട്ടിലെ ആക്രമണം.
ഹിസ്ബുല്ലയ്ക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയിരുന്നു. ലെബനനിൽ ഹിസ്ബുല്ലയെ പുനഃസംഘടിപ്പിക്കുന്നത് തടയാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം.














