പാലാ: കേരളത്തിലെ കർഷകരുടെയും സാധാരണക്കാരുടെയും വെല്ലുവിളികളും, ക്രൈസ്തവ സമൂഹത്തിൻ്റെ അവകാശങ്ങളും പൊതുസമൂഹത്തിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ‘അവകാശ സംരക്ഷണ ജാഥ’ ഒക്ടോബർ 21, ചൊവ്വാഴ്ച പാലാ രൂപതയിൽ എത്തിച്ചേരും. രണ്ടായിരം വർഷത്തോളമായി കേരളത്തിൻ്റെ സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ക്രിസ്ത്യാനികൾ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
പ്രധാന ആവശ്യങ്ങൾ:
‘നീതി ഔദാര്യമല്ല, അവകാശമാണ്’ എന്ന മുദ്രാവാക്യമുയർത്തി കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ ഒക്ടോബർ 13-ന് കാസർഗോഡ് നിന്നാണ് ജാഥ ആരംഭിച്ചത്. ജാഥ പ്രധാനമായും ആവശ്യപ്പെടുന്നത്:
- ഭരണഘടനയും മതേതരത്വവും സംരക്ഷിക്കുക.
- ക്രൈസ്തവ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുകയും നിർദ്ദേശങ്ങൾ നടപ്പാക്കുകയും ചെയ്യുക.
- വന്യമൃഗങ്ങളുടെ ആക്രമണവും തെരുവുനായ ശല്യവും പരിഹരിക്കുക.
- കർഷകർക്ക് ദ്രോഹകരമായ ഭൂനിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കുക.
- കാർഷികോത്പന്നങ്ങളുടെ വില തകർച്ച പരിഹരിക്കാൻ നടപടി എടുക്കുക.
- വിദ്യാഭ്യാസ മേഖലയിലെ ന്യൂനപക്ഷ അവഗണന അവസാനിപ്പിക്കുക.
പാലായിൽ വിപുലമായ സ്വീകരണം
വിവിധ രൂപതകളിലൂടെ സഞ്ചരിച്ച് എത്തുന്ന ജാഥയ്ക്ക് ചെമ്മലമറ്റത്ത് വെച്ച് പാലാ രൂപതാ ഭാരവാഹികൾ സ്വീകരണം നൽകും. തുടർന്ന് അരുവിത്തുറ, രാമപുരം ഫൊറോനകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് 4:30 ന് പാലാ മുനിസിപ്പൽ സ്റ്റേഡിയം ജംഗ്ഷനിൽ എത്തും. ഇവിടെ നിന്ന് രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവരുടെ അകമ്പടിയോടെ റാലിയായി കുരിശുപള്ളി കവലയിൽ എത്തും.
തുടർന്ന് രൂപതാ പ്രസിഡൻ്റ് ഇമ്മാനുവൽ നിധീരിയുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം സീറോ മലബാർ സഭ തലവൻ, മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിനായി 200 അംഗ വോളണ്ടിയർ ടീമിനെ ക്രമീകരിച്ചിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ളാലം പഴയപള്ളിയിലും പൂത്തൻപള്ളിയിലും പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
വിവിധ രൂപതാ അധ്യക്ഷന്മാർ പങ്കെടുക്കുന്ന റാലിയോടു കൂടി ഒക്ടോബർ 24 ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ ജാഥ സമാപിക്കും.
വാർത്താസമ്മേളനത്തിൽ രൂപത പ്രസിഡൻ്റ് ഇമ്മാനുവൽ നിധീരി, ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, രൂപത ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിപറമ്പിൽ, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, രാജേഷ് പാറയിൽ തുടങ്ങിയവർ പങ്കെടുത്തു.












