കാക്കനാട്: വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ കൊലപ്പെടുത്തുന്നതും പരിക്കേൽപ്പിക്കുന്നതുമായ സംഭവങ്ങൾ സംസ്ഥാനത്തിന് അപമാനകരമാണെന്ന് മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മൂന്നു പേർ ഒറ്റ ദിവസം കൊല്ലപ്പെട്ടെന്ന വാർത്ത ഞെട്ടിക്കുന്നു. എരുമേലി കണമല പ്രദേശത്തു കർഷകനായ പ്ലാവനാക്കുഴിയിൽ തോമസിനെ റബർതോട്ടത്തിൽവച്ചും പുറത്തേൽ ചാക്കോച്ചനെ വീടിന്റെ വരാന്തയിൽവച്ചുമാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഇതേസമയംതന്നെ, കൊല്ലം അഞ്ചലിൽ പ്രവാസിയായ സാമുവൽ വർഗീസിനെയും കാട്ടുപോത്ത് ആക്രമിച്ചു കൊലപ്പെടുത്തി. സമാനമായ സംഭവങ്ങൾ പലയിടത്തും നടന്നുകൊണ്ടിരിക്കുന്നു. ഇത് ഒരു പരിഷ്കൃത സമൂഹത്തിന് തികച്ചും അപമാനമാണ്.
മനുഷ്യജീവനു ഭീഷണിയാകുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാനും മനുഷ്യജീവൻ സംരക്ഷിക്കാനുമുള്ള അടിയന്തരനടപടികൾ സർക്കാർ സ്വീകരിക്കണം. ഇക്കാര്യത്തിൽ ഉത്തരവാദിത്വപ്പെട്ടവർ പുലർത്തുന്ന അലംഭാവം പ്രതിഷേധാർഹമാണ്. വന്യമൃഗങ്ങൾക്കു കൊടുക്കുന്ന പരിഗണനയും നിയമപരിരക്ഷയും സംരക്ഷണവും മനുഷ്യർക്കു നിഷേധിക്കുന്നതു ന്യായീകരിക്കാനാവാത്തതാണ്. ഇത്തരം സാഹചര്യങ്ങളിൽ പതിവായി നടത്തുന്ന പ്രസ്താവനകൾക്കും തുച്ഛമായ സാമ്പത്തികസഹായപ്രഖ്യാപനങ്ങൾക്കുമപ്പുറം ആവശ്യമായ നിയമനിർമാണം നടത്താൻ സർക്കാർ തയ്യാറാകണം. വന്യമൃഗങ്ങളുടെ സംരക്ഷണത്തിനും അവയുടെ എണ്ണത്തിലുള്ള അപകടകരമായ വർധനവ് നിയന്ത്രിക്കുന്നതിനും മറ്റു വികസിതരാജ്യങ്ങളിൽ എടുത്തിരിക്കുന്ന നിയമനടപടികൾ നമ്മുടെ രാജ്യത്തിനും മാതൃകയാകേണ്ടതാണ്.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ ആത്മാർഥമായി പങ്കുചേരുകയും മരണമടഞ്ഞവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുംവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവനയിൽ പറഞ്ഞു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision