പാലാ: അനാഥരായ കിടപ്പു രോഗികളെ പരിചരിക്കുന്ന ബോയിസ് ടൗൺ അഗതിമന്ദിരത്തിൻ്റെ ചുറ്റുമതിൽ ഇടിച്ചു നിരത്തിയും ഭൂമി കൈയ്യേറി മണ്ണ് എടുക്കുന്നതിനും വേണ്ടി മണ്ണുമാഫിയ നടത്തിയ ഗുണ്ടായിസത്തിനെതിരെഉടൻ നടപടി എടുത്തില്ലയെങ്കിൽ യൂത്ത്ഫ്രണ്ട് (എം)ന്റെ നേതൃത്വത്തിൽ പാലാ റവന്യൂ ഡിവിഷൻ ഓഫീസിലേക്ക് മാർച്ചും പ്രതിഷേധയോഗവും നടത്തുവാൻ യൂത്ത്ഫ്രണ്ട് ( എം) പാലാ നിയോജക മണ്ഡലം യോഗം തീരുമാനിച്ചതായി പ്രസിഡന്റ് തോമസുകുട്ടി വരിക്കയിൽ പറഞ്ഞു.
ചില രാഷ്ട്രീയ നേതാക്കളുടേയും റവന്യൂ ഉദ്യോഗസ്ഥരുടെയും അറിവോടും പിന്തുണയോടും കൂടിയാണ് സ്ഥാപനത്തിൻ്റെ കരിങ്കൽ ഭിത്തി തകർത്ത് മണ്ണ് മാഫിയ ഭൂമി കൈയ്യേറിയത്.ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തി വച്ചിരിക്കുന്നത്.
മൈനിംഗ് & ജിയോളജി വകുപ്പിൻ്റെ തടസ്സ ഉത്തരവ് നിലനിൽക്കവെയാണ് നൂറു കണക്കിന് ലോഡ് മണ്ണ് നീക്കം ചെയ്ത് ഇവിടെ നിന്നും കൊണ്ടു പോയിരിക്കുന്നത്. പരാതിപ്പെട്ടിട്ടും റവന്യൂ അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് യോഗം ആരോപിച്ചു.
ചുറ്റുമതിൽ ഇടിച്ചു നിരത്തി ഭൂമി കൈയേറ്റംവാർത്ത ആയപ്പോഴാണ് ആർ.ഡി.ഒ. സ്ഥലത്ത് എത്തിയത്.
പൊളിച്ചടുക്കിയ പത്ത് അടി ഉയരമുള്ള കരിങ്കൽചുറ്റുമതിൽ പുനർ നിർമ്മിച്ചു നൽകുവാൻ ഉടൻ നടപടി ഉണ്ടാവണം.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, തദ്ദേശo, റവന്യൂ വകുപ്പു മന്ത്രിമാർക്കും വിജിലൻസിനും പരാതി നൽകും.
മണ്ണെടുപ്പ് ഇനിയും തുടർന്നാൽ തടയുവാനും യോഗം തീരുമാനിച്ചു. മണ്ണെടുപ്പു വാഹനങ്ങൾ ഇതേ വരെ പിടിച്ചെടുക്കുവാൻ തയ്യാറായിട്ടില്ല. പരാതിയുമായി ചെന്ന അഗതിമന്ദിര അധികൃതരെ റവന്യൂ ഉദ്യോഗസ്ഥർ ഇറക്കി വിടുകയാണ് ഉണ്ടായിരിക്കുന്നത്. ഇതും അന്വേഷണ വിധേയമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ്
തോമസ്കുട്ടി വരിക്കയിൽ അദ്ധ്യക്ഷത വഹിച്ചു. ടോബിൻ കെ.അലക്സ് യോഗം ഉദ്ഘാടനം ചെയ്തു.യൂത്ത് ഫ്രണ്ട് എം നേതാക്കൾ സ്ഥലം സന്ദർശിച്ചു.