റോം: ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ എന്ന പേരില്‍ പ്രസിദ്ധനായ വാഴ്ത്തപ്പെട്ട കാർളോ അക്യുറ്റിസിന്റെ അമ്മ അന്റോണിയോ സൽസാനോ എഴുതിയ പുസ്തകത്തിന്റെ ഇംഗ്ലീഷിൽ തർജ്ജമ പ്രസിദ്ധീകരിച്ചു. ‘മൈ സൺ കാർളോ: കാർളോ അക്യുറ്റിസ് ത്രൂ ദി ഐസ് ഓഫ് ഹിസ് മദർ’ എന്ന പേരിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലുക്കീമിയ ബാധിതനായി പതിനഞ്ചാം വയസ്സിൽ കാർളോ മരണപ്പെടുന്നതിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളെക്കുറിച്ചും പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. 2006ൽ മരണമടഞ്ഞ അക്യുറ്റിസ് യുവജനങ്ങളുടെയും, കംപ്യൂട്ടറിൽ തൽപരരായവരുടെയും ഇടയിൽ പ്രസിദ്ധനാണ്. 2022 ഒക്ടോബർ മാസം ഇറ്റാലിയൻ ഭാഷയിൽ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകം അമ്മയുടെ കണ്ണുകളിലൂടെ കാർളോ അക്യുറ്റിസിന്റെ ജീവിതത്തിലേക്ക് വായനക്കാരെ കൊണ്ടുപോകുന്ന വിധത്തിലാണ് രചിച്ചിരിക്കുന്നത്.
പുസ്തകത്തിൽ നിരവധി അനുഭവങ്ങള്‍ അന്റോണിയോ വിവരിക്കുന്നുണ്ട്. മകന്റെ തീഷ്ണമായ വിശ്വാസമാണ് അവരെ ക്രിസ്തുവിലേക്ക് കൂടുതൽ അടുപ്പിച്ചത്. നിരന്തരമായ ആത്മബന്ധം അക്യുറ്റിസിന് ഈശോയുമായി ഉണ്ടായിരുന്നുവെന്നും, ഈ ബന്ധമായിരുന്നു മകന്റെ ആത്മീയ രഹസ്യമെന്നും അന്റോണിയോ പത്രക്കുറിപ്പിൽ പ്രസ്താവിച്ചു. പരിചയപ്പെടുന്ന എല്ലാവർക്കും തനിക്ക് ഉള്ളതുപോലെ ഒരു ബന്ധം ഈശോയുമായി ഉണ്ടാകണമെന്ന് അക്യുറ്റിസ് ആഗ്രഹിച്ചിരുന്നു. ഈ ബന്ധം എല്ലാവർക്കും ലഭ്യമായ ഒന്നാണെന്ന ഉറച്ച ബോധ്യം അക്യുറ്റിസിന് ഉണ്ടായിരുന്നു.
ഒരിക്കലും പരാതി പറയുന്ന പ്രകൃതം മകന് ഉണ്ടായിരുന്നില്ലെന്ന് 2022ൽ അലീഷ്യ എന്ന കത്തോലിക്ക മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ അന്റോണിയോ പറഞ്ഞിരുന്നു. സഹനം ഉണ്ടോയെന്ന് രോഗാവസ്ഥയിൽ ആയിരുന്ന സമയത്ത് ആളുകൾ ചോദിക്കുമ്പോൾ, തന്നെക്കാൾ സഹനം ഉള്ളവർ ഉണ്ടെന്നുള്ള മറുപടിയായിരുന്നു ആ കൗമാരക്കാരൻ നൽകിയിരുന്നത്. തന്റെ മകൻ സ്വർഗ്ഗത്തിലാണെന്ന് ഉറച്ചു വിശ്വസിക്കുന്നതിനാൽ അതിനെപ്പറ്റി ഒരിക്കൽ പോലും സംശയം തോന്നിയിട്ടില്ലെന്ന് അന്റോണിയോ അന്നു അഭിമുഖത്തിൽ വെളിപ്പെടുത്തി. പതിനഞ്ചാം വയസില്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട കാര്‍ളോ അക്യൂറ്റിസിനെ 2020 ഒക്ടോബർ 10നാണ് തിരുസഭ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision