പാലാ: പടയോട്ടം: പാലാ നിയോജക മണ്ഡലത്തിലെ കരൂർ പഞ്ചായത്ത് രണ്ടാം വാർഡായ ട്രിപ്പിൾ ഐടി വാർഡിൽ ഇത്തവണത്തെ ശ്രദ്ധാകേന്ദ്രം ട്വന്റി ട്വന്റി സ്ഥാനാർത്ഥി ബിനോയി കണിയാംപാലയ്ക്കലാണ്. 14 വർഷം ദേവാലയ ശുശ്രൂഷിയായി പ്രവർത്തിച്ചതിന്റെ കരുത്തുറ്റ വ്യക്തിബന്ധങ്ങളും, ന്യായമായ കൂലിക്ക് ഓട്ടം പോകുന്ന ഒരു ഓട്ടോക്കാരൻ എന്ന നിലയിൽ നാട്ടുകാരുമായുള്ള അടുത്ത ബന്ധവുമാണ് ഈ ചെറുപ്പക്കാരന്റെ കൈമുതൽ.
സൗമ്യമായി ഇടപെഴകുന്ന ബിനോയിയെ ആദ്യം പുച്ഛത്തോടെ കണ്ടവർ ഇന്ന് വിയർക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഭയപ്പാടില്ലാതെ ഏതൊരു വീട്ടിലും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ട്. അതാണ് മറ്റ് സ്ഥാനാർത്ഥികൾക്കില്ലാത്ത തന്റെ ശക്തിയെന്നും ബിനോയി പറയുന്നു.
പ്രധാന വാഗ്ദാനം ‘കിഴക്കമ്പലം മോഡൽ’ വികസനം:
തദ്ദേശീയ വികസനത്തെക്കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യുന്ന നിലപാടാണ് ബിനോയിയുടേത്. “റോഡ് ടാറിംഗ് മാത്രമാണ് ഇവിടെ വികസനം. അത് തന്നെ ആറുമാസം കഴിയുമ്പോൾ പൊട്ടിപ്പൊളിയും. എന്നാൽ കിഴക്കമ്പലത്തെ റോഡുകൾ 50 വർഷം നിലനിൽക്കുന്നതാണ്. ഇതേ മാതൃക കരൂരിലും നടപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,” ബിനോയി പറയുന്നു.
ട്രപ്പിൾ ഐടി വാർഡിൽ പൊതുശൗചാലയം, വിശ്രമകേന്ദ്രം എന്നിവ അത്യാവശ്യമാണെന്നും, മാലിന്യസംസ്കരണത്തിൽ നാട്ടുകാർക്കൊപ്പം താൻ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകുന്നു. കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കിയുള്ള വികസനം നാടിനെ പിന്നോട്ടടിക്കുമെന്ന നിലപാടിലാണ് ബിനോയി. കുടിവെള്ള ക്ഷാമം രൂക്ഷമായ വാർഡിൽ, ട്വന്റി ട്വന്റി കൂട്ടായ്മയിലൂടെ ജനകീയ കുടിവെള്ള പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു.
കരൂർ പഞ്ചായത്തിൽ ട്വന്റി ട്വന്റി നിർത്തിയിട്ടുള്ള 12 സ്ഥാനാർത്ഥികളെയും വിജയിപ്പിച്ച് ‘കിഴക്കമ്പലം മോഡൽ’ വികസനം കൊണ്ടുവരണമെന്നാണ് ബിനോയിയുടെ അഭ്യർത്ഥന. മീഡിയാ അക്കാഡമിയുടെ ‘പടയോട്ടം’ പരിപാടിയിൽ പങ്കെടുത്ത ബിനോയി കണിയാംപാലയ്ക്കൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.














