കണക്റ്റിക്കട്ട് : അമേരിക്കയിലെ കണക്റ്റിക്കട്ട് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കത്തോലിക്കാ ദേവാലയത്തിൽ ദിവ്യകാരുണ്യ അത്ഭുതം നടന്നതായി വൈദികന്റെ വെളിപ്പെടുത്തല്‍. തോമാസ്റ്റോണിലെ സെന്റ് തോമസ് ദേവാലയത്തിലാണ് ദിവ്യകാരുണ്യ അത്ഭുതം നടന്നതായി ഫാ. ജോസഫ് ക്രൗലി എന്ന വൈദികൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മാർച്ച് അഞ്ചാം തീയതി വിശുദ്ധ കുർബാനയുടെ സമാപനത്തിൽ, തിരുവോസ്തി വിശ്വാസികൾക്ക് നൽകാൻ നിയോഗിക്കപ്പെട്ട ഒരാളുടെ പക്കൽ ഉണ്ടായിരുന്ന തിരുവോസ്തികൾ മുഴുവൻ തീർന്നു പോയെന്നും, എന്നാൽ പിന്നീട് കരങ്ങളിൽ ഉണ്ടായിരുന്ന കുസ്തോതിയിലേക്ക് വീണ്ടും നോക്കിയപ്പോൾ അതിൽ തിരുവോസ്തികൾ നിറഞ്ഞതായി കാണപ്പെട്ടുവെന്നും വൈദികൻ വെളിപ്പെടുത്തി.
ഹാർട്ട്ഫോർഡ് അതിരൂപതയുടെ കീഴിലുള്ള ദേവാലയത്തില്‍ നടന്ന സംഭവം പ്രാദേശിക മാധ്യമമായ ഡബ്ല്യുഎഫ്എസ്ബിഐ വിറ്റ്നസ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദിവ്യകാരുണ്യ അത്ഭുതം ഞെട്ടിപ്പിക്കുന്നതും യാഥാര്‍ത്ഥ്യവുമാണെന്ന് ഫാ. ജോസഫ് ക്രൗലി കൂട്ടിച്ചേര്‍ത്തു. സംഭവത്തിൽ അതിരൂപത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാജിസ് സെന്ററിന്റെ കണക്കുകൾ പ്രകാരം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നാല് ദിവ്യകാരുണ്യ അത്ഭുതങ്ങളാണ് കത്തോലിക്കാ സഭ അംഗീകരിച്ചിട്ടുള്ളത്. 2013ൽ പോളണ്ടിലെ ലെഗ്നിക്കയിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതമാണ് ഏറ്റവും ഒടുവിലായി വത്തിക്കാന്‍ അംഗീകരിച്ച ദിവ്യകാരുണ്യ അത്ഭുതം.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision