എട്ടിന് അവാർഡ് സമ്മാനിക്കും
ഏറ്റുമാനൂർ : സംസ്ഥാനത്തെ മികച്ച അംഗനവാടികൾക്കുള്ള അവാർഡ് നീണ്ടൂർ പഞ്ചായത്ത് ഒമ്പതാം വാർഡിൽ പ്രവർത്തിക്കുന്ന 96-ാംനമ്പർ ശ്രീദീപം അംഗനവാടിക്ക് അർഹമായി. 15- പദ്ധതികളിൽ നിന്നും ഏറ്റവും നല്ല ഭൗതിക സാഹചര്യം,ശിശു സൗഹൃദ ടോയ്ലറ്റ്,ശുചിത്വമുള്ള അടുക്കള, കുടിവെള്ളം,വിശാലമായ ക്ലാസ് റൂം ,ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾ, കുട്ടികളുടെ പ്രതിദിന ഹാജർ, തീം അനുസരിച്ചുള്ള പ്രവർത്തനങ്ങൾ, തീം ചാർട്ട് പ്രദർശനം, ആക്ടിവിട്ടി പ്രദർശനം, വളർച്ച നിരീഷണം, കൃത്യമായ ഇടവേളകളിലുള്ള മീറ്റിങ്ങുകൾ, ആരോഗ്യ പരിശോധന, തൂക്കകുറവുള്ള കുട്ടികൾക്ക് പ്രത്യേക പരിചരണം, വൃത്തിയും പോഷക സമ്യദ്ധവുമായ പോഷകാഹാര വിതരണം, മെനു ചാർട്ട് പ്രദർശിപ്പിക്കൽ,വിവിധങ്ങളായുള്ള പോഷകത്തോട്ടം നിർമ്മാണം തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് അവാർഡ്. പഞ്ചായത്തിൽ പുതിയ ഭരണസമിതി നിലവിൽ വന്നപ്പോൾ ആദ്യം പരിഗണന നൽകിയത് ഈ അംഗനവാടിക്കായിരുന്നു.പരിമിത സാഹചര്യങ്ങളിൽ പ്രവർത്തിച്ചിരുന്ന അംഗനവാടിക്ക് പുതിയ കെട്ടിടം നിർമ്മിച്ചു നൽകി. ഐസിഡിഎസ് സൂപ്പർവൈസർ ബിന്ദു റാണി പ്രവർത്തനങ്ങൾ കോർത്തിണക്കി.
‘അംഗനവാടി വർക്കർ കെ എം മായ,
ഹെൽപ്പർ എം സി മറിയാമ്മ എന്നിവരെ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. പ്രസിഡൻ്റ് വി കെ പ്രദീപ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് മധുരം നൽകി.വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് അധ്യക്ഷയായി.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ശശി,മരിയ ഗോരേത്തി,മായ ബൈജു എന്നിവർ സംസാരിച്ചു.മാർച്ച് എട്ടിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന വനിതാദിനാഘോഷ പരിപാടിയിൽ അവാർഡ് വിതരണം ചെയ്യും.

കൈപ്പുഴ ശ്രീദീപം അംഗനവാടിയിലെ കുട്ടികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രദീപ് മധുരം പങ്കിടുന്നു.