കടുത്തുരുത്തി: കടുത്തുരുത്തി-മാന്നാര്‍ തെക്കുംപുറം പാടശേഖരത്തില്‍ താല്‍കാലിക ബണ്ട് നിര്‍മാണം തുടങ്ങി. തോടിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതിനായി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചു ചെളി കോരിയതോടെ പാടശേഖരത്തിന്റെ പുറം ബണ്ടിന്റെ കല്‍ക്കെട്ട് തകര്‍ന്ന ഭാഗത്ത് തെങ്ങിന്റെ ഏരി താഴ്ത്തി താല്‍കാലികമായി പുറം ബണ്ടിന് സംരക്ഷണമൊരുക്കുന്ന ജോലികളാണ് ആരംഭിച്ചത്. കടുത്തുരുത്തി പഞ്ചായത്ത് 19-ാം വാര്‍ഡിലെ 200 ഏക്കര്‍ വരുന്ന മാന്നാര്‍ തെക്കുംപുറം പാടശേഖരത്തിന്റെ പുറം ബണ്ടാണ് അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് തകര്‍ന്നത്. പുഞ്ചകൃഷിയുടെ വിത നടത്തായി ഒരുക്കിയിട്ടിരുന്ന പാടശേഖരത്തിന്റെ പുറംബണ്ടാണ് പലിടത്തായി തകര്‍ന്നത്.
ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിച്ചാണ് കാന്താരികടവ് പാലം മുതല്‍ താഴോട്ട് തോടിന് ആഴം വര്‍ദ്ധിപ്പിച്ചത്. കല്‍ക്കെട്ടിന് സമീപത്ത് നിന്നും ആഴത്തില്‍ ചെളി കോരി നീക്കി ബണ്ടില്‍ വച്ചതോടെ കല്‍കെട്ട് ഇടിഞ്ഞ് താഴുകയായിരുന്നു. പലസ്ഥലത്തായി കല്‍കെട്ടും ബണ്ടും തോട്ടിലേക്കു പതിച്ചു. പലഭാഗത്തും ബണ്ടിന് ബലക്ഷയവും ഉണ്ടായിട്ടുണ്ട്. തോടിന്റെ ആഴം കൂട്ടല്‍ പൂര്‍ത്തിയായതുമില്ല. കുട്ടനാട് പാക്കേജില്‍പെടുത്തിയും മറ്റ് പദ്ധതികളിലായും മുമ്പ് അഞ്ച് തവണ തോട് താഴ്ത്തിയിടത്താണ് ഇപ്പോള്‍ വീണ്ടും തോട് താഴ്ത്തിയതെന്നും ഇതാണ് കല്‍ക്കെട്ടും ബണ്ടും തകരാന്‍ കാരണണായതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.
കര്‍ഷകരോട് ആലോചന നടത്താതെയാണ് ഈ രംഗത്ത് പരിചയമില്ലാത്ത ഉദ്യോഗസ്ഥര്‍ തോട് താഴ്ത്തിയതെന്നും കര്‍ഷകര്‍ക്ക് പരാതിയുണ്ട്. ബണ്ട് തകര്‍ന്ന സംഭവത്തില്‍ വ്യാപക പരാതി ഉയര്‍ന്നതോടെ കരാറുകാരനും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി പണം മുടക്കിയാണ് ഇപ്പോല്‍ ബണ്ടിന് താല്‍കാലിക സംരക്ഷണമൊരുക്കുന്ന പണികള്‍ നടത്തുന്നത്. തോട്ടില്‍ നിന്നും ആഴത്തില്‍ യന്ത്രം ഉപയോഗിച്ചു അനയന്ത്രിതമായി ചെളി വാരിയെടുത്താല്‍ കല്‍ക്കെട്ടും ബണ്ടും തകരുമെന്ന സാമാന്യ ബോധം പോലും നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുണ്ടായില്ലെന്നാണ് കര്‍ഷകരുടെ ആക്ഷേപം. ബണ്ട് തകരാനിടയാക്കിയ സാഹചര്യത്തെ കുറിച്ചു അന്വേഷിക്കണമെന്നും ഉത്തരവാദികള്‍ക്കെതിരെ നടിപടിയെടുക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
















