കാട്ടാക്കട: കാട്ടാക്കട കട്ടക്കോട് സെന്റ് ആന്റണീസ് സ്കൂളിലെ 71-ാം നമ്പർ ബൂത്തില്‍ വയോധികന്റെ വോട്ട് ഉദ്യോഗസ്ഥൻ സ്വന്തം ഇഷ്ടപ്രകാരം രേഖപ്പെടുത്തിയതിനെച്ചൊല്ലി വൻ പ്രതിഷേധം. 83-കാരനായ സത്യന്റെ വോട്ടാണ് ഉദ്യോഗസ്ഥൻ അട്ടിമറിക്കാൻ ശ്രമിച്ചത്. സംഭവത്തെത്തുടർന്ന് ബൂത്തില്‍
യു.ഡി.എഫ് – എല്‍.ഡി.എഫ് പ്രവർത്തകർ തമ്മില്‍ ഉരസലുണ്ടായെങ്കിലും ഒടുവില്‍ വയോധികന് വീണ്ടും വോട്ട് ചെയ്യാൻ അവസരം നല്‍കി അധികൃതർ രംഗം ശാന്തമാക്കി. നടക്കാൻ ബുദ്ധിമുട്ടുള്ള സത്യൻ തന്റെ 16 വയസ്സുകാരനായ ചെറുമകനെ സഹായിയായി കൂട്ടിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ അനുമതി നല്‍കിയില്ല.
പകരം സഹായിയായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ, വയോധികനോട് ചോദിക്കാതെ തന്നെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ഐബി സതീഷിന് വോട്ട് രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. താൻ ഉദ്ദേശിച്ച ചിഹ്നത്തിലല്ല വോട്ട് വീണതെന്ന് തിരിച്ചറിഞ്ഞ സത്യൻ ബൂത്തിനുള്ളില്‍ പ്രതിഷേധവുമായി ഇരുന്നു.















