പാലാ: പണ്ട് ലഭിച്ചിരുന്ന പല സ്വാതന്ത്ര്യങ്ങളും പുതിയ കാലത്ത് ഇല്ലാതാവുകയാണെന്ന് ചലച്ചിത്ര നടൻ ഇന്ദ്രൻസ് പറഞ്ഞു. പാലാ അൽഫോൻസാ കോളജിലെ ആർട്ട്സ് ഡേ അനന്തരി 2K23 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊടക്കമ്പി, നീർക്കോലി തുടങ്ങി തനിക്ക് ലഭിച്ച പേരുകൾ സിനിമകളിൽ മാത്രമല്ല പുറത്തും വിളിപ്പേരായി വന്നു. അതൊക്കെ ചെല്ലപ്പേരുകളായി വിളിക്കുകയും ആ പേരുകൾ തനിക്ക് ചേരുമെന്ന് സ്വയം വിശ്വസിക്കുകയും ചെയ്തു. എന്നാൽ ഇന്നത്തെ കാലത്ത് ആ സ്വാതന്ത്യം നഷ്ടപ്പെടുകയാണ്. ഇന്ന് ആ രീതിയിൽ പേര് വിളിച്ചാൽ ബോഡി ഷെയിമിംഗ് പോലുള്ള പരാതികളിലേയ്ക്ക് വഴിതുറക്കുമെന്നും ഇന്ദ്രൻസ് ചൂണ്ടിക്കാട്ടി.
മാർച്ച് 16ന് ജൻമദിനം ആഘോഷിക്കുന്ന ഇന്ദ്രൻസിന്റെ പിറന്നാളാഘോഷമായി സ്റ്റേജിൽ കേക്ക് മുറിച്ചു മധുരം പങ്കുവെച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റെജീനാമ്മ ജോസഫ്, ആമി മേരി എബ്രഹാം, കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ അന്ന ജെ തെരേസ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ ആർട്സ് ക്ലബ് സെക്രട്ടറി ഗൗരി എസ് അധ്യക്ഷത വഹിച്ചു. ആർട്സ് മൽസരങ്ങളിൽ ഓവറോൾ നേടിയ ഡിപ്പാർട്ട്മെന്റിന് മാണി സി കാപ്പൻ എംഎൽഎ സമ്മാനം വിതരണം ചെയ്തു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision