കടുത്തുരുത്തി: ആര്‍ച്ചുബിഷപ്പ് കുന്നശ്ശേരി മെമ്മോറിയല്‍ ക്നാനായ ഹെറിറ്റേജ് ഗ്യാലറി (മ്യൂസിയം) കഴിഞ്ഞ കാലത്തെ സജീവമാക്കി നിര്‍ത്തിക്കൊണ്ട് യഥാര്‍ത്ഥ വിശ്വാസത്തെ മുറുകെപ്പിടിച്ചു മുന്നേറാന്‍ പ്രചോദനമാകണമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍. മാത്യു മൂലക്കാട്ട്.
ഗ്യാലറിയുടെ വെഞ്ചരിപ്പ് നിര്‍വഹിച്ച ശേഷം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. ക്‌നാനായ സമുദായത്തിന്റെ തനതായ വിശ്വാസവും പൈതൃകവും തനിമയില്‍ നിലനിര്‍ത്തുന്ന ജീവിക്കുന്ന ഗാലറിയാണ് ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയങ്കണത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഫ്രാന്‍സിസ് ജോര്‍ജ് എംപി ഗ്യാലറി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.
സമ്മേളനത്തില്‍ ബിഷപ്പ് മാര്‍.ജോസഫ് പണ്ടാരശ്ശേരില്‍ അധ്യക്ഷത വഹിച്ചു. മ്യൂസിയത്തെക്കുറിച്ചുള്ള ലഘുവിവരണം സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം യോഗത്തില്‍ അവതരിപ്പിച്ചു. അതിരൂപതാ മുഖ്യ വികാരി ജനറാള്‍ ഫാ.തോമസ് ആനിമൂട്ടില്‍, പ്രൊക്കുറേറ്റര്‍ ഫാ.ഏബ്രാഹം പറമ്പേട്ട്, ഫ്രാന്‍സിസ് ജോര്‍ജ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ, ബാബു പറമ്പടത്തുമലയില്‍ എന്നിവര്‍ പ്രസംഗിച്ചു.















