ഭരണങ്ങാനം: ലഹരിവിരുദ്ധ ദിനം പൊതുസമൂഹത്തിന് മാത്രമല്ല ഭരണാധികാരികള്‍ക്കും ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്ന് കേരള നിയമസഭാ മുന്‍സ്പീക്കര്‍ വി.എം. സുധീരന്‍. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലായുടെ ആഭിമുഖ്യത്തില്‍ ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പാരീഷ് ഹാളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു വി.എം. സുധീരന്‍.
ലഹരിവിരുദ്ധ ദിനം കൊണ്ടാടുമ്പോള്‍ നാനാവിധത്തിലുള്ള ലഹരിയുടെ ലഭ്യതയും, പ്രാപ്യതയും കുറച്ചുകൊണ്ടുവരികയെന്നുള്ളതും തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളുടെ ചുമതലയാണ്. നിര്‍ഭാഗ്യവശാല്‍ ഭരണത്തിലെത്തുന്നവര്‍ മദ്യം പോലുള്ളവയുടെ പ്രചാരകരായി മാറുന്നു. ഭരണകൂടങ്ങള്‍ പരാജയപ്പെടുമ്പോള്‍ ജുഡീഷ്യറിയുടെ ഭാഗത്തുനിന്നും ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലായെന്നതും ദൗര്‍ഭാഗ്യകരമാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
ഭരണഘടനയുടെ 47-ാം അനുഛേദത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മദ്യനിരോധനം ഏര്‍പ്പെടുത്താം എന്ന് പറയുന്നുണ്ട്. ഭരണഘടനാപരമായ ചുമതല ഇക്കാര്യത്തില്‍ കടന്നുവരുന്ന ഒരു സര്‍ക്കാരുകളും തന്നെ നിര്‍വ്വഹിക്കുന്നില്ല. നിര്‍ഭാഗ്യവശാല്‍ എല്ലാ കാലത്തെയും സര്‍ക്കാരുകള്‍ കേവലം ഒരു വഴിപാടായി മദ്യനിരോധനത്തെ കാണുന്നു. രാജ്യം എന്തെല്ലാം നേട്ടം കൈവരിച്ചാലും അതെല്ലാം തകര്‍ത്തെറിയാന്‍ ലഹരിക്ക് കഴിയും.
സത്യമാണ് ഈശ്വരന്‍ എന്ന ഗാന്ധിജിയുടെ ഉദാത്തമായ സന്ദേശം ഉള്‍ക്കൊണ്ട് സത്യത്തിനും നീതിക്കും നാടിന്റെ നന്‍മയ്ക്കുംവേണ്ടി ഉണര്‍ന്ന് നാം പ്രവര്‍ത്തിക്കണം. നിര്‍ഭയം നാം പ്രവര്‍ത്തിക്കണം. നമ്മേ രക്ഷിക്കാന്‍ ആരെയും കാത്തിരിക്കേണ്ടതില്ല. നാം നമ്മുടെ തന്നെ സ്വയം രക്ഷകരാകേണ്ട സ്ഥിതിയാണിന്നുള്ളതെന്നും സുധീരന്‍ ഓര്‍മ്മിപ്പിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുരുവിള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹണി എച്ച്.എല്‍., എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെക്‌സി ജോസഫ്, പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ കണ്ണന്താനം, ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി, ഫാ. ആല്‍ബിന്‍ പുതുപ്പറമ്പില്‍, സാബു എബ്രാഹം, ജോസ് കവിയില്‍, അലക്‌സ് കെ. എമ്മാനുവല്‍, ജെസ്സി ജോസ്, സാജു ജോസ് എന്നിവര്‍ പ്രസംഗിച്ചു.
മാസാചരണ പരിപാടികളുടെ ഭാഗമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളനികള്‍, തൊഴില്‍ മേഖലകള്‍ എന്നിവിടങ്ങളിലൂടെ ലഹരിവിരുദ്ധ പ്രതിജ്ഞ, സന്ദേശം, കോര്‍ണര്‍ യോഗങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കും. പ്രസംഗം-ഉപന്യാസം-ചിത്രരചന മത്സരങ്ങളും ഒരു മാസം നീണ്ടുനില്ക്കുന്ന പരിപാടികളില്‍പെടുന്നു.
സമ്മേളനത്തില്‍ ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി, ഹൈസ്‌കൂള്‍, എസ്.എച്ച്. ജി.എച്ച്.എസ്., അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ അധ്യാപകരും വിദ്യാര്‍ത്ഥിനി-വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
ഫോട്ടോ മാറ്റര്‍
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലാ രൂപത ഭരണങ്ങാനത്ത് സെന്റ് മേരീസ് ഫൊറോന പാരിഷ് ഹാളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം നിയമസഭാ മുന്‍ സ്പീക്കര്‍ വി.എം. സുധീരന്‍ നിര്‍വ്വഹിക്കുന്നു. ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ലിസി സണ്ണി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെക്‌സി ജോസഫ്, പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹണി എച്ച്.എല്‍., ഫാ. ജോണ്‍ കണ്ണന്താനം, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, അലക്‌സ് കെ. എമ്മാനുവല്‍, പ്രസാദ് കുരുവിള, സാബു എബ്രാഹം, സാജു ജോസ്, ജെസി ജോസ്, ജോസ് കവിയില്‍ എന്നിവര്‍ സമീപം.