യുക്രൈനിലേക്ക് മാർപാപ്പാ അയയ്ക്കുന്ന രണ്ടാമത്തെ ആംബുലൻസും പെസഹാ വ്യാഴാഴ്ച എത്തും.ഫ്രാൻസിസ് പാപ്പായുടെ പ്രതിനിധിയായി കർദ്ദിനാൾ കോൺറാഡ് ക്രാജെവ്സ്കിയാണ് പെസഹാ വ്യാഴാഴ്ച ആംബുലൻസുമായി യുക്രൈനിൽ എത്തുക.
ഓശാന ദിനമായ ഏപ്രിൽ പത്തിന് വത്തിക്കാനാണ് ഈ വാർത്ത പുറത്തു വിട്ടത്.
മാർപാപ്പാ അയയ്ക്കുന്ന രണ്ടാമത്തെ ആംബുലൻസിന് ചില പ്രതീകാത്മക മൂല്യങ്ങളുണ്ടെന്ന് വത്തിക്കാൻ ചൂണ്ടിക്കാട്ടി. അന്ത്യത്താഴ വേളയിൽ യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്റെ പ്രതീകമെന്നോണമാണ് പാപ്പായുടെ ഈ നടപടി. യുക്രൈനിലെ യുദ്ധത്തിൽ പരുക്കേറ്റ സ്ത്രീപുരുഷന്മാരെ സേവിക്കുന്നതിന്റെയും അവരോടുള്ള പാപ്പായുടെ സാമീപ്യത്തിന്റെയും സാക്ഷ്യമാണിത്. “ആംബുലൻസിൽ യുദ്ധത്തിൽ പരുക്കേറ്റവരെ കൊണ്ടു പോകുമ്പോൾ, യുദ്ധത്തിന്റെ കെടുതി അനുഭവിക്കുന്ന സഹോദരങ്ങളുടെ പാദങ്ങൾ കഴുകാനും ചുംബിക്കാനും ആഗ്രഹിക്കുന്ന മാർപാപ്പായുടെ സാമീപ്യവും സാന്ത്വനവും അവർക്ക് അനുഭവിക്കാൻ കഴിയും”എന്ന് വത്തിക്കാൻ അറിയിച്ചു.