രാമപുരം: അറിവിൻ്റെ വെളിച്ചം പകർന്നു നൽകുന്ന ഗുരുക്കൻമാരെ ആദരിച്ച് രാമപുരം എസ്എച്ച്എൽപി സ്കൂളിലെ വിദ്യാർഥികൾ അധ്യാപകദിനം ആഘോഷിച്ചു. അധ്യാപകരോടുള്ള സ്നേഹവും ബഹുമാനവും അറിയിച്ചുകൊണ്ട് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ അധ്യാപകർക്ക് ആശംസകൾ നേർന്നു. തുടർന്ന് സ്കൂൾ പൂന്തോട്ടത്തിലെ പൂക്കൾ ശേഖരിച്ചും, ചെറിയ സമ്മാനങ്ങൾ നൽകിയും കുട്ടികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ ആദരിച്ചു. ഈ സ്നേഹാദരങ്ങൾ അധ്യാപകർക്ക് വലിയ സന്തോഷം നൽകി.
സാനിയൽ നെൽസൺ, നിവേദ്യ രഞ്ജിത്ത്, നേവാ, ജീയന്ന മേരി മെൽബി തുടങ്ങി വിവിധ ക്ലാസ്സുകളിൽ നിന്നുള്ള വിദ്യാർഥി പ്രതിനിധികൾ പരിപാടികൾക്ക് നേതൃത്വം നൽകി. ഗുരുശിഷ്യബന്ധത്തിന്റെ ഊഷ്മളത വിളിച്ചോതുന്ന ഈ ആഘോഷം സ്കൂളിലെ എല്ലാവർക്കും ഹൃദ്യമായ അനുഭവമായി മാറി.













