ഫ്രാൻസീസ് പാപ്പാ, അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗത്തിൻറെ (Dicastery for Laity, Family and Life) സമ്പൂർണ്ണ സമ്മേളനത്തിൽ പങ്കെടുത്തവരുമായി ശനിയാഴ്‌ച കൂടിക്കാഴ്ച നടത്തി.
സഭയിലെ ശുശ്രൂഷാദൗത്യം മാമ്മോദീസായിലും പരിശുദ്ധാതാമാവിൻറെ ദാനങ്ങളിലും അധിഷ്ഠിതമാണെന്ന് മാർപ്പാപ്പാ.
അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗത്തിൻറെ (Dicastery for the Laity, Family and Life) സമ്പൂർണ്ണ സമ്മേളനത്തിൽ പങ്കെടുത്തവരെ ശനിയാഴ്‌ച (22/04/23) പേപ്പൽ അരമനയിൽ സ്വീകരിച്ചു സംബോധന ചെയ്യവെ ഫ്രാൻസീസ് പാപ്പാ ഈ സമ്മേളനത്തിൻറെ വിചിന്തന പ്രമേയം, അതായത്, “സിനഡാത്മക സഭയിലെ അല്മായരും ശുശ്രൂഷാദൗത്യവും” എന്ന വിഷയം അവലംബമാക്കി സംസാരിക്കുകയായിരുന്നു.
വിശ്വാസികളുടെ പൊതുവായ പൗരോഹിത്യത്തിൻറെ വേരുകൾ വാസ്തവത്തിൽ, മാമ്മോദീസായിലാണെന്നും അത് പ്രകടമാകുന്നത് ശുശ്രൂഷകളിലാണെന്നും പാപ്പാ വിശദീകരിച്ചു. അൽമായരുടെ ശുശ്രൂഷ പൗരോഹിത്യ കൂദാശയിലല്ല പ്രത്യുത, ജ്ഞാനസ്നാനത്തിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്നും പാപ്പാ വ്യക്തമാക്കി.
സ്നാനമേറ്റവരെല്ലാം അതായത്, അൽമായരും ബ്രഹ്മചാര്യം പാലിക്കുന്നവരും, വിവാഹിതരും, പുരോഹിതരും, സന്ന്യസ്തരുമെല്ലാം ക്രിസ്തു വിശ്വാസികൾ ആണെന്നും ആകയാൽ അവർ ക്രിസ്തു സഭയെ ഭരമേല്പിച്ച ദൗത്യത്തിൽ, നിശ്ചിത ശുശ്രൂഷകൾ ഏറ്റെടുത്തുകൊണ്ട് പങ്കുചേരാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
പരിശുദ്ധാത്മാവിൻറെ ദാനങ്ങളെക്കുറിച്ചു പരാമാർശിച്ച പാപ്പാ വിശ്വാസികളുടെ, പ്രത്യേകിച്ച് അല്മായ വിശ്വാസികളുടെ ശുശ്രൂഷാദൗത്യം, ദൈവജനത്തെ കെട്ടിപ്പടുക്കുന്നതിനായി ദൈവജനത്തിനുള്ളിൽ പരിശുദ്ധാത്മാവ് വിതരണം ചെയ്യുന്ന സിദ്ധികളിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്ന് ഉദ്ബോധിപ്പിച്ചു.
സഭയുടെ ശുശ്രുഷാദൗത്യത്തെ, സ്ഥാപിതമായ ശുശ്രൂഷകളിൽ മാത്രമായി ചുരുക്കാനാകില്ലെന്നും അത് വളരെ വിശാലമായ ഒരു മേഖലയെ ആശ്ലേഷിക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു. സഭയിലെ ശുശ്രൂഷകളും സേവനങ്ങളും ചുമതലകളും കാര്യാലയങ്ങളും അവയിൽത്തന്നെ കേന്ദ്രീകരിക്കുന്നവയാകരുതെന്നും അവയുടെ ലക്ഷ്യം അവയെ ഉല്ലംഘിക്കുന്നതാണെന്നും നമ്മുടെ കാലഘട്ടത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക ലോകത്തിലേക്ക് ക്രൈസ്തവ മൂല്യങ്ങളെ സംവഹിക്കുകയാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
ഈ ദൗത്യം അൽമായ വിശ്വാസികളിൽ സവിശേഷമാം വിധം നിക്ഷിപ്തമാണെന്നും അവരുടെ പ്രവർത്തനം, സമൂഹത്തിൻറെ പരിവർത്തനോന്മുഖമായി സുവിശേഷം പ്രായോഗികമാക്കാനുള്ള യഥാർത്ഥ പ്രതിബദ്ധത കൂടാതെയുള്ള, “സഭാന്തര കർത്തവ്യങ്ങളിൽ” പരിമിതപ്പെടുത്തരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. സഭയിലെ സകല ശുശ്രൂഷകളും സഭയുടെ ഏക ദൗത്യത്തിൻറെ ആവിഷ്ക്കാരമാണെന്നും സകലവും പരസേവനത്തിൻറെ രൂപങ്ങളാണെന്നും പാപ്പാ വ്യക്തമാക്കി. സഹോദരങ്ങളെയും, അവരിൽ, ക്രിസ്തുവിനെയും സേവിക്കുകയായിരിക്കണം സഭയിൽ ഏതൊരു ശുശ്രൂഷയും ഏറ്റെടുക്കുമ്പോൾ വിശ്വാസിയെ നയിക്കേണ്ട യഥാർത്ഥ പ്രചോദന ഹേതുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
👉 more https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision