കൊച്ചി : അടിസ്ഥാന വർഗ്ഗത്തിന്റെ രക്ഷകരാകേണ്ടവർ അവരെ പിഴിഞ്ഞൂറ്റി നാട് ഭരിച്ച് മുടിക്കുകയാണെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ.ടി.എം രവീന്ദ്രൻ പറഞ്ഞു. കേരള മദ്യനിരോധന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന മദ്യ വിമോചന സമര ജാഥക്ക് എറണാകുളത്ത് നല്കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായ അദ്ദേഹം.
ഇന്ത്യയിൽ ഒരിടത്തും ഇല്ലാത്ത വിധം കേരളത്തിൽ മദ്യത്തിന് 251 ശതമാനം നികുതിയാണുള്ളത്. പ്രതിശീർഷ മദ്യ ഉപയോഗത്തിൽ മലയാളി ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് . ഒരു വർഷം ബീവറേജസ് വഴി മാത്രം 15,000 കോടിയുടെ മദ്യം വിറ്റഴിച്ച്, ഒരു ജനതയുടെ ആരോഗ്യവും സംസ്ക്കാരവും സമ്പത്തും കുടുംബ സമാധാനവും സർക്കാർ കവർന്നെടുക്കുന്നു. മദ്യവും ലോട്ടറിയും ചൂഷണോപാധികളാണ്. ഒരു ഭാഗത്ത് മദ്യ ലഭ്യതയെ തുറന്നു വിടുകയും മറുഭാഗത്ത് ലഹരിക്കെതിരെ ബോധവത്ക്കരണ മഹാമഹം നടത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കച്ചേരിപ്പടി ഗാന്ധിഭവന് മുന്നിൽ നടന്ന ജില്ലാ തല പര്യടന സമ്മേളനം കെ.സി.ബി സി. മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു. കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എ. ജോസഫ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻറ് പ്രൊഫ. . ഒ.ജെ. ചിന്നമ്മ , സംസ്ഥാന സെക്രട്ടറി ജോയി അയിരൂർ , ഏട്ടൻ ശുകപുരം, മേഴ്സി ജോയി, ആർട്ടിസ്റ്റ് ശരികല, പി മോഹനകുമാരൻ ,പി റ്റി . മൈക്കിൽ, ജോയി തോമസ് എന്നിവർ പ്രസംഗിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision