സൗദി ക്ലബ്ബിലേക്ക് ചേക്കേറുന്നതില്‍ ക്രിസ്റ്റ്യാനോയ്ക്കെതിരെ അദ്ദേഹത്തിന്റെ ആരാധകരില്‍ നിന്ന് പോലും വിമര്‍ശനം ഉയര്‍ന്നിരുന്നു മിര്‍സൂള്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ പതിനായിരക്കണക്കിന് ആരാധകര്‍ക്ക് മുന്നിലേക്ക് യെല്ലൊ ആന്‍ഡ് ബ്ലൂ ജേഴ്സി ധരിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയെത്തി. അല്‍ നസറിന്റെ സ്വന്തം സിആര്‍7 ആയി സ്റ്റേഡിയം ആര്‍ത്തിരമ്പി.
യൂറോപ്പിലെ തന്റെ ജോലി പൂര്‍ത്തിയായെന്നും നേടാനുള്ളതെല്ലാം സ്വന്തമാക്കിയെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. അല്‍ നസറിലേക്കുള്ള വരവ് തനിക്ക് അഭിമാനം നല്‍കുന്ന ഒന്നാണെന്നും പോര്‍ച്ചുഗല്‍ താരം കൂട്ടിച്ചേര്‍ത്തു.
“പുതിയ തലമുറയുടെ ഫുട്ബോളിനോടുള്ള കാഴ്ചപ്പാട് മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് യൂറോപ്പില്‍ നിന്നും, ബ്രസീല്‍, അമേരിക്ക, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലും അവസരമുണ്ടായിരുന്നു. പക്ഷെ ഞാന്‍ വാക്കു നല്‍കിയത് അല്‍ നസറിന് മാത്രമായിരുന്നു. എനിക്ക് എന്താണ് വേണ്ടത് വേണ്ടാത്തതെന്ന് കൃത്യമായി അറിയാം,” ക്രിസ്റ്റ്യാനോ വ്യക്തമാക്കി.
“ഇന്ന് മത്സരങ്ങള്‍ വിജയിക്കുകയെന്നത് എളുപ്പമുള്ള ഒരു കാര്യമല്ല. ഫുട്ബോളിന്റെ വളര്‍ച്ച വ്യത്യസ്തമാണ്. മിഡില്‍ ഈസ്റ്റിലേക്ക് വന്നതുകൊണ്ട് എന്റെ കരിയര്‍ അവസാനിക്കുകയല്ല. ഈ ലീഗ് എത്രത്തോളം കഠിനമാണെന്ന് അറിയാം. ഞാന്‍ ഒരുപാട് കളികള്‍ കണ്ടിരുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗദി ക്ലബ്ബിലേക്ക് ചേക്കേറുന്നതില്‍ ക്രിസ്റ്റ്യാനോയ്ക്കെതിരെ അദ്ദേഹത്തിന്റെ ആരാധകരില്‍ നിന്ന് പോലും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഞാനൊരു വലിയ താരമായതുകൊണ്ട് തന്നെ അത് സാധാരണമാണെന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ മറുപടി.
താരത്തിന്റെ വരവ് സൗദി അറേബ്യന്‍ ലീഗിന് വലിയ ചുവടുവയ്പാണെന്ന് അല്‍ നസര്‍ പരിശീലകന്‍ റൂഡി ഗാര്‍ഷ്യ പറഞ്ഞു. “ക്രിസ്റ്റ്യാനോയെ പോലുള്ള ഇതിഹാസ താരങ്ങളെ പരിശീലിപ്പിക്കാനാണ് ഏറ്റവും എളുപ്പമെന്ന് ഞാന്‍ ജീവിതത്തില്‍ മനസിലാക്കിയിട്ടുണ്ട്. കാരണം നമ്മള്‍ ഒന്നും പഠിപ്പിക്കേണ്ട ആവശ്യം വരുന്നില്ല,” റൂഡി പറഞ്ഞു.
“അദ്ദേഹം പറഞ്ഞതുപോലെ ജയിക്കാനാണ് ഇവിടെ വന്നിരിക്കുന്നത്, മറ്റൊന്നിനുമല്ല. അദ്ദേഹം അല്‍ നസറിനൊപ്പം ആസ്വദിച്ച് കളിക്കാനും വിജയിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു,” പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.
പത്രസമ്മേളനത്തിന് ശേഷം അല്‍ നസറിലെ സഹതാരങ്ങളെയെല്ലാം ക്രിസ്റ്റ്യാനോ ലോക്കര്‍ റൂമിലെത്തി കണ്ടു. പിന്നീടാണ് സ്റ്റേഡിയത്തിലേക്ക് പോയത്.