നിനവേ: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ അതിക്രൂരമായ ക്രൈസ്തവ നരഹത്യ നടത്തിയ ഇറാഖില്‍ ഇത്തവണ ആദ്യമായി ഈശോയെ സ്വീകരിച്ചത് 115 കുട്ടികള്‍. ഇക്കഴിഞ്ഞ ആഴ്ച നടന്ന പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന്റെ ചിത്രങ്ങള്‍ നിനവേയിൽ നിന്നുള്ള കല്‍ദായ കത്തോലിക്കാ വൈദികന്‍ ഫാ. കരം ഷമാഷ നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് ഇത് മാധ്യമ ശ്രദ്ധ നേടുന്നത്. ഏപ്രിൽ 14 വെള്ളിയാഴ്ച ക്വാരഘോഷിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് മൊസൂള്‍ രൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് ബെനഡിക്ട് യൂനാൻ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ആറ് മാസം നീണ്ട പരിശീലനത്തിന് ഒടുവിലാണ് വിദ്യാര്‍ത്ഥികള്‍ ആദ്യമായി ഈശോയെ സ്വീകരിച്ചതെന്നു ഫാ. കരം ഷമാഷ ട്വീറ്റ് ചെയ്തു. തൂവെള്ള വസ്ത്രത്തില്‍ പ്രാര്‍ത്ഥനയോടെ നിലകൊള്ളുന്ന കുഞ്ഞുങ്ങളുടെ ദൃശ്യങ്ങള്‍ ഏവരുടെയും മനം കവരുകയാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ അൽഘോഷ്, തെൽസ്കൂഫ് പട്ടണങ്ങളിൽ 126 കുട്ടികളാണ് ദിവ്യകാരുണ്യം സ്വീകരിച്ചത്. പീഡനങ്ങള്‍ക്ക് ഒടുവില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഇറാഖി സഭയുടെ പ്രകടമായ അടയാളമായാണ് ഈ ചടങ്ങുകളെ പൊതുവേ വീക്ഷിക്കുന്നത്.
2014 ആഗസ്റ്റ് ആദ്യ വാരത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശം നടത്തി പ്രദേശത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ അനേകര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ പലായനം ചെയ്ത മേഖലയിലാണ് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടന്നതെന്നതാണ് ഏറെ ശ്രദ്ധേയമാക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് അധിവേശത്തില്‍ പട്ടണത്തിലെ കുരിശുകൾ തകർത്തതും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന കയ്യെഴുത്തുപ്രതികൾ കത്തിച്ചു നശിപ്പിച്ചതും ദേവാലയങ്ങള്‍ ആയുധ പരിശീലന കേന്ദ്രങ്ങളാക്കി മാറ്റിയതും ഉള്‍പ്പെടെ നിരവധി അതിക്രമങ്ങള്‍ക്ക് വേദിയായ സ്ഥലമാണ് ക്വാരഘോഷ്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision